ഇസ്‌റാഈലിന്റെ വധശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെടുത്തി പോരാട്ടത്തിന്റെ പുതുഗാഥകള്‍ രചിച്ച പോരാളി; ആരാണ് മുഹമ്മദ് ദൈഫ്
2023 ഒക്ടോബര്‍ ഏഴിന്. ലോകത്തിലെ ഏത് കോണില്‍ ഒരില അനങ്ങിയാലും പിടിച്ചെടുക്കാന്‍ മാത്രം ശക്തമായ സുരക്ഷാ, സാങ്കേതിക സംവിധാനങ്ങളേയും സൈനിക കരുത്തിനേയും മറികടന്ന് അബാബീല്‍ പക്ഷികളെ പോലെ ഇസ്‌റാഈലിന് മേല്‍ ഹമാസ് പോരാളികള്‍ പറന്നിങ്ങിയ ആ ദിവസം. അന്ന് ഇസ്‌റാഈല്‍ എന്ന ലോക ശക്തിക്കുമേല്‍ ഹമാസിന്റെ റോക്കറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി തീതുപ്പിയതിന് പിന്നാലെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു.
'മസ്ജിദുല്‍ അഖ്‌സയില്‍ സയണിസ്റ്റ് രാജ്യം നടത്തുന്ന അതിക്രമങ്ങള്‍ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മറികടന്ന അധിനിവേശത്തിനുമുള്ള മറുപടിയാണ് ആക്രമണം' ഉറച്ച ശബ്ദത്തിലുള്ള ആ സന്ദേശം ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു. ഇസ്‌റാഈലിനും കൂട്ടാളികള്‍ക്കും. അമേരിക്കയുടേയും പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും പിന്തുണയോടെ ഇസ്‌റാഈല്‍ ചെയ്തുകൂട്ടുന്ന ഓരോ അതിക്രമത്തിനും അവര്‍ എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരുമെന്ന മുന്നറിയിപ്പ്. 'ഈ അതിക്രമങ്ങള്‍ക്കെല്ലാം ഒരു പൂര്‍ണ വിരാമമിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ മേധാവിയായ മുഹമ്മദ് ദൈഫായിരുന്നു ആ മുന്നറിയിപ്പുകാരന്‍.അക്ഷരാര്‍ഥത്തില്‍ ഇസ്‌റാഈലിനെ വിറപ്പിച്ച ധീരയോദ്ധാവ്.
നിരവധി തവണയാണ് ദൈഫിനെതിരെ വധശ്രമമുണ്ടായത്. എന്നാല്‍ അദ്ദേഹത്തെ തൊടാന്‍ അവര്‍ക്കായില്ല. ഇതേ ദൈഫിനെ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം അല്‍ മവാസി അഭയാര്‍ഥി ക്യാംപില്‍ 90 ജീവനെടുത്ത ആക്രമണം ഇസ്‌റാഈല്‍ നടത്തിയത്. ദൈഫ് കൊല്ലപ്പെട്ടെന്ന് പടിഞ്ഞാറന്‍ മീഡിയകള്‍ പ്രചരിപ്പിച്ചു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്തെത്തി.
കാലങ്ങളായി ഇസ്‌റാഈലിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള ഹമാസിന്റെ രഹസ്യകമാന്‍ഡറാണ് മുഹമ്മദ് ദൈഫ്. ഒമ്പത് വര്‍ഷത്തോളം ജനങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു അദ്ദേഹം. പിന്നീട് 2021ല്‍ ജറാഹ് മേഖലയില്‍നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്‌റാഈല്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ ശബ്ദം ലോകം കേട്ടു. ജറാഹിന് മേല്‍ കൈവച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഒമ്പതാണ്ടിന് ശേഷം ആദ്യമായി അദ്ദേഹം ഇസ്‌റാഈലിന് മുന്നറിയിപ്പു നല്‍കി. പിന്നീട് അല്‍ അഖ്‌സയില്‍ ഇസ്‌റാഈല്‍ നല്‍കിയ അതിക്രമങ്ങള്‍ക്ക് കനത്ത മറുപടി ഹമാസ് നല്‍കുന്നതാണ് ലോകം കാണുന്നത്.
രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ തന്നെ ദൈഫിനെ വധിക്കാന്‍ ഇസ്‌റാഈല്‍ നീക്കമാരംഭിച്ചിരുന്നു. 2002ലെ അക്രമത്തില്‍ അദ്ദേഹത്തിന് ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. 2006ല്‍ ഹമാസ് നേതാക്കന്‍മാര്‍ ഒരുമിച്ചു കൂടിയ കെട്ടിടത്തിന് നേരെ നടന്ന അക്രമത്തില്‍ ദൈഫിന് ഗുരുതരമായി പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു. 2014ല്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ദൈഫിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു. പക്ഷേ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
2021ല്‍ നടത്തിയ 11 ദിവസത്തെ ആക്രമണങ്ങള്‍ക്കിടെ രണ്ട് തവണ ദൈഫിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി ഇസ്‌റാഈല്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ രണ്ടു തവണയും പരാജയപ്പെട്ടു. നിരന്തരമായി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍ ഫലസ്തീനികള്‍ അദ്ദേഹത്തിന് ഒരു ഓമനപ്പേരിട്ടു 'ഒമ്പത് ജീവനുകളുള്ള പൂച്ച'.
1965ല്‍ ഗസ്സയിലെ ഖാന്‍ യൂനുസിലെ അഭയാര്‍ഥി ക്യാംപിലാണ് ദൈഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് ദയ്ബ് ഇബ്രാഹീം അല്‍ മസ്രി. ഗസ്സ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യാഭ്യാസം. ആദ്യകാലത്ത് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പിന്നീട് 1987ല്‍ ഹമാസ് രൂപീകരിക്കപ്പെടുകയും ആദ്യ ഇന്‍തിഫാദ ആരംഭിക്കുകയും ചെയ്ത ശേഷം അദ്ദേഹം ഹമാസില്‍ ചേര്‍ന്നു. തന്ത്രപരമായ നിരവധി ആക്രമണങ്ങള്‍ ആസൂത്രമണം ചെയ്ത് നടപ്പാക്കി. ഇത് സംഘടനയില്‍ അദ്ദേഹത്തിന്റെ സ്ഥാനമുയര്‍ത്തി.
1990കളില്‍ ഖസ്സാം ബ്രിഗേഡ്‌സ് എന്ന പേരില്‍ ഹമാസ് സൈനിക വിഭാഗത്തിനു രൂപംനല്‍കുമ്പോള്‍ അതിന്റെ സ്ഥാപകരില്‍ പ്രധാനിയായിരുന്നു ദൈഫ്. അന്നും ഇന്നും ഇസ്‌റാഈലിനെ കുഴക്കിയിട്ടുള്ള ഗസ്സയിലെ ഹമാസ് തുരങ്കകളുടെ സൂത്രധാരന്മാരില്‍ ഒരാള്‍ കൂടിയാണ് ദൈഫ്. 2002ല്‍ രണ്ടാം ഇന്‍തിഫാദയുടെ മൂര്‍ധന്യാവസ്ഥയില്‍ അല്‍ ഖസ്സാം മേധാവിയായിരുന്നു സലാഹ് ഷഹാദെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദൈഫ് പുതിയ മേധാവിയുമായി. അല്‍ ഖസ്സാം ബ്രിഗേഡിനെ അതിശക്തമായ സേനാവിഭാഗമാക്കുന്നതില്‍ ദൈഫിന്റെ പങ്ക് വളരെ വലുതാണ്. 2015ല്‍ യു.എസ് ദൈഫിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു.
ഹമാസിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവാണ് മുഹമ്മദ് ദൈഫ്. ഇസ്‌റാഈലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. 2014ല്‍ ദൈഫ് ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫലസ്തീനികള്‍ സമാധാനത്തോടെ ജീവിക്കുന്ന നാള്‍ വരും വരെ ഇസ്‌റാഈലിനും സമാധാനമുണ്ടാവില്ലെന്ന്. സുരക്ഷിതമായ ഒരു ജീവിതമുണ്ടാവുമെന്ന് സയണിസ്റ്റുകള്‍ കരുതേണ്ടെന്ന്. അതെ. കഴിഞ്ഞ ഒമ്പതു മാസമായി ഫലസ്തീന്‍ എന്ന കുഞ്ഞു രാഷ്ട്രത്തെ മുഴുവന്‍ തകര്‍ത്തെറിഞ്ഞിട്ടും നാല്‍പതിനായിരത്തോളം മനുഷ്യരെ കൊന്നൊടുക്കിയിട്ടും സമാധാനമില്ലാത്തതും അരക്ഷിതത്വം അനുഭവപ്പെടുന്നതും ഫലസ്തീന്‍ ജനതക്കല്ല. മറിച്ച് അതിശക്തരെന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന, അഹങ്കരിച്ചിരുന്ന ഇസ്‌റാഈലിന് തന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."