കര്‍ക്കിടകമായി, ഇനി ആരോഗ്യം നോക്കണം- തയാറാക്കാം നമുക്ക് ഞവരക്കഞ്ഞി
കാലാവസ്ഥ മാറുന്നതനുസരിച്ച് മനുഷ്യശരീരത്തിലും മാറ്റങ്ങള്‍ സംഭവിക്കും. വേനല്‍കാലത്ത് ശരീരബലം കുറയുകയും മഴക്കാലമാവുമ്പോള്‍ അത് താഴ്ന്ന നിലയിലെത്തുകയും ചെയ്യുന്നു.അതുകൊണ്ട് എല്ലാവരും കര്‍ക്കിടകത്തില്‍ ആരോഗ്യം സംരക്ഷിക്കുന്നു.
നല്ല ആരോഗ്യം ഉറപ്പാക്കാന്‍ പോഷകാഹാരവും ചിട്ടയായ വ്യായാമവുമൊക്കെ ചെയ്യേണ്ടതാണ്. കൊല്ലത്തിലൊരിക്കല്‍ മനുഷ്യശരീരം ഒന്നു ശുദ്ധീകരിക്കുന്നത് വളരെ നല്ലതാണ്. കര്‍ക്കിടകമാസമാവുമ്പോള്‍ എണ്ണ തേച്ചുകുളിക്കുന്നവരുടെ എണ്ണം കൂടുന്നു.
മാത്രമല്ല ഉഴിച്ചില്‍ നടത്തുന്നവരുമുണ്ട്. തൈലങ്ങളും ലേഹ്യങ്ങളുമൊക്കെ ആളുകള്‍ വാങ്ങി ഉപയോഗിക്കുന്നതും കര്‍ക്കിടകത്തിലാണ്. ശരീരം പൊതുവെ ഇളമപ്പെടുന്ന കാലമാണ് മഴക്കാലം.
ഈ സമയം ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമായതിനാല്‍ മഴക്കാല രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്.
അതിനാല്‍ പണ്ടു കാലം മുതലേ കര്‍ക്കിടകക്കാലത്ത് ആയുര്‍വേദ പ്രകാരമുള്ള മരുന്നുകള്‍ മലയാളികള്‍ സേവിയ്ക്കാറുണ്ട്. കര്‍ക്കട മാസത്തിലെ പ്രധാന ചികിത്സാവിധികളില്‍ ഒന്നാണ് ഞവരക്കഞ്ഞി.
ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഞവര അരി ഉപയോഗിച്ചാണ് ഞവരക്കഞ്ഞി ഉണ്ടാക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഈ അരിക്ക് ആരോഗ്യ ഗുണങ്ങളും ധാരാളമാണ്. ഇതിനൊപ്പം ഉലുവ, ജീരകം, ആശാളി എന്നിവയും ചേര്‍ക്കുന്നതാണ്.
ഇത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. ഔഷധമായും ആഹാരമായും ഞവരക്കഞ്ഞി ഉപയാഗിക്കാം.
ഞവരക്കഞ്ഞി ഇങ്ങനെ തയാറാക്കി നോക്കൂ
ഞവര അരി, ചെറുപയര്‍, ഉലുവ, ജീരകം എന്നിവ വെള്ളത്തില്‍ ഇരുപത് മിനിറ്റ് കുതിര്‍ത്തു വയ്ക്കുക. ഒപ്പം ആശാളിയും അഞ്ചു മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ശേഷം കുക്കറില്‍ ഇതെല്ലാം കൂടി ഇട്ട് വെള്ളവും ചേര്‍ത്ത് വേവിക്കണം.
ഇതിന് ശേഷം കഞ്ഞിക്കുള്ള അരപ്പ് തയ്യാറാക്കാം. തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും കുറച്ച് ജീരകവും ഒരു ടീസ്പൂണ്‍ കുരുമുളക് പൊടിയും ഒരു നുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
ഈ കൂട്ട് കഞ്ഞിയിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്യുക. കഞ്ഞി അതിന് ശേഷം കഞ്ഞിയിലേക്ക് തേങ്ങാ പാല്‍ കൂടി ചേര്‍ത്ത് കൊടുക്കുക. ഇനി ഇതിലേക്ക് അയമോദകവും കുരുമുളക് പൊടിയും ചുക്ക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം നെയ്യ് ചേര്‍ത്ത് ചൂടോടെ കഴിക്കാം. സൂപ്പറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."