'കടിച്ചു കുടയുമ്പോഴും അവനവയെ ഓമനിച്ചു കൊണ്ടിരുന്നു' ഓട്ടിസം ബാധിതനെ നായയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഇസ്‌റാഈല്‍ സേന
ഗസ്സ: നായ്ക്കള്‍ കടിച്ചു കുടയുമ്പോഴും വേദനയാല്‍ പുളയുമ്പോഴും അവനവയെ ഓമനിക്കുന്നുണ്ടായിരുന്നു. അവനെല്ലാരോടും സ്‌നേഹമാണ്. മനുഷ്യത്വം തൊട്ടു തീണ്ടാത്ത ഇസ്‌റാഈല്‍ നരാധമന്‍മാരുടെ ക്രൂരതയൊന്നും അവനറിയില്ല. അനവന് നൊന്താലും മറ്റുള്ളവര്‍ ചിരിക്കുന്നത് കാണാനാണ് അവനിഷ്ടം. ഗസ്സയില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം നായയെ കൊണ്ട് കടിപ്പിച്ചു കൊന്ന ഡൗണ്‍ സിന്‍ഡ്രോമും ഓട്ടിസവും ബാധിച്ച 24 കാരന്‍ മുഹമ്മദ് ബഹറിന് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ.
ഗസ്സ സിറ്റിയിലെ കിഴക്കന്‍ ഷെജായ നസാസ് സ്ട്രീറ്റ് നിവാസിയായ ബഹറിനെ വീട്ടില്‍ വെച്ചാണ് സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയത്. ബഹറിന്റെ 70 കാരിയായ മാതാവ് നബീലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജൂണ്‍ 27ന് ഇവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓട്ടിസം ബാധിച്ച സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ബഹറിനെയും കൊണ്ട് ഇനിയുമൊരു പലായനം നബീലയ്ക്ക് സാധ്യമായിരുന്നില്ല. ഇതിനകം 15 തവണ തങ്ങള്‍ പലായനം ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. നേരത്തെ ജിബ്രീല്‍ പ്രദേശത്തേക്ക് മാറിയെങ്കിലും അവിടെ ഇസ്‌റാഈല്‍ ബോംബിട്ടു. പിന്നീട് ഹൈദര്‍ ചത്വരത്തിലെത്തി, അവിടെയും ബോംബാക്രമണം നേരിട്ടു. റിമാലിലും ശവ ചത്വരത്തിലും പോയപ്പോഴും അവിടെയും ആക്രമണമായിരുന്നുവെന്നും എവിടേക്കും ഇനി പോകാനുണ്ടായിരുന്നില്ല- നബീല പറയുന്നു.
ഇസ്‌റാഈല്‍ സൈന്യമെത്തുമ്പോള്‍ ബഹര്‍ വീട്ടിലെ സോഫയില്‍ കിടക്കുകയായിരുന്നു. അവന് അവിടെയല്ലാതെ മറ്റെവിടെയും ഇരിക്കില്ല. ഇസ്‌റാഈല്‍ സൈന്യം നായയെകൊണ്ട് ബഹറിനെ ആക്രമിപ്പിച്ചു. നെഞ്ചില്‍ നായ കടിച്ചു പരുക്കേല്‍പ്പിച്ചു. സംസാരിക്കാന്‍ ശേഷിയില്ലാത്ത ബഹര്‍ കരയുന്നുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടിയാണെന്നും കരുണ കാണിക്കണമെന്നും സൈന്യത്തോട് കേണപേക്ഷിച്ചെങ്കിലും ബഹര്‍ രക്തം ഒലിച്ച് അവശനാകും വരെ ആക്രമണം തുടര്‍ന്നുവെന്ന് നബീല്‍ പറഞ്ഞു. സൈന്യത്തിന്റെ നായയുടെ തലയില്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ മാരകമായി കടിച്ചുപരുക്കേല്‍പ്പിച്ചുവെന്ന് മാതാവ് പറഞ്ഞു.
ആക്രമണം നടന്ന സോഫയ്ക്ക് സമീപം രക്തം തളംകെട്ടിയതിന്റെ കറയുള്ള ചിത്രവും മാധ്യമങ്ങള്‍ പുറത്തു വിട്ടു. മാരകമായി പരുക്കേറ്റ ബഹ്‌റിനെ ഒരു മുറിയിലിട്ടു സൈന്യം പൂട്ടി. സൈനിക ഡോക്ടര്‍ വന്ന് അവനെ ചികിത്സിക്കുമെന്ന് സൈന്യം തങ്ങളോട് പറഞ്ഞു. തങ്ങളെ മറ്റൊരു മുറിയിലും പൂട്ടിയിട്ടുവെന്ന് നബീല പറഞ്ഞു. പിന്നീട് മുഹമ്മദ് മരിച്ചു. മകന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ മരിക്കേണ്ടിവന്നാലും ഇനി പലായനം ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നബീല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."