പ്രകൃതിയൊളിപ്പിച്ച് സുന്ദരി; മണ്‍സൂണില്‍ നിറഞ്ഞൊഴുകുന്ന, മലപ്പുറത്തെ പാലൂര്‍കോട്ട വെള്ളച്ചാട്ടം
മലപ്പുറത്തെ വിനോദ സഞ്ചാര ഭൂപടത്തില്‍ വളരെ കുറച്ചുകാലം കൊണ്ട് കയറിപ്പറ്റിയ ഇടമാണ് പാലൂര്‍കോട്ട വെള്ളച്ചാട്ടം. പ്രകൃതി ഒളിപ്പിച്ചുവെച്ച അതിമനോഹരമായ കാഴ്ച്ചാനുഭവം.
ഇതിനെ മഴവെള്ളച്ചാട്ടം എന്നു വിളിക്കുന്നതാണ് ഉചിതം. വര്‍ഷത്തില്‍ എല്ലാ സമയത്തും നീരൊഴുക്ക് ഉണ്ടെങ്കിലും മണ്‍സൂണിലാണ് നിറഞ്ഞു കവിഞ്ഞ് പൂര്‍ണതേജസ്സോടെ ഇത് ഒഴുകിഇറങ്ങുന്നത്.
പെരിന്തല്‍മണ്ണയ്ക്ക് അടുത്താണ് പാലൂര്‍കോട്ട വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാല്‍ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോടു ചേര്‍ന്നു കിടക്കുന്ന മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനും ഇടയിലായി. അങ്ങാടിപ്പുറത്തു നിന്നും 7 കിലോമീറ്ററും പെരിന്തല്‍മണ്ണയില്‍ നിന്നും 10 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.
ഏകദേശം 500 അടിയോളം ഉയരത്തില്‍ നിന്നും പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുന്നു. മലയുടെ മുകളിലെ കുളം നിറഞ്ഞുകവിഞ്ഞ് ഒഴുകുമ്പോഴാണ് പാലൂര്‍കോട്ട വെള്ളച്ചാട്ടത്തിന് പൂര്‍ണത കൈവരുന്നത്. കാടിനു നടുവില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ദൃശ്യഭംഗി പറയേണ്ടതില്ലല്ലോ.. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് സമൃദ്ധമായി ജലമൊഴുകുന്ന പാലൂര്‍ക്കോട്ട സന്ദര്‍ശിക്കാനുള്ള ഉചിതമായ സമയം.
ടിപ്പുസൂല്‍ത്താനുമായി ഇതിന് വളരെ വലിയൊരു ബന്ധമുണ്ട്. പാലക്കാട് നിന്ന് മലബാറിലേക്കുള്ള യാത്രക്കിടെ ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഒളിച്ചുതാമസിച്ച സ്ഥലമായിട്ടാണ് പാലൂര്‍ക്കോട്ട അറിയപ്പെടുന്നത്. ഈ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് നോക്കിയാല്‍ വളരെ ദൂരെ നിന്നും ആക്രമിക്കാന്‍ വരുന്നവരെ കാണാന്‍ കഴിയുമായിരുന്നത്രേ..
മഴക്കാലമായതിനാല്‍ പ്രദേശം തെന്നിക്കിടക്കുകയാണ്. പാറക്കെട്ടുകളിലും ചവിട്ടുവഴികളിലും കൂടി നടക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."