എന്തിനാണ് സൈന്യത്തെ അങ്ങോട്ട് അയച്ചത്?; തെരച്ചിലില്‍ അതൃപ്തിയറിയിച്ച് അര്‍ജുന്റെ കുടുംബം
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുടെ തെരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങിയതിനി പിന്നാലെ പ്രതികരണവുമായി കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്. എന്നാല്‍ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും അമ്മ ഷീല പറഞ്ഞു. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ തെരച്ചിലിലും കരയില്‍ നിന്ന് ലോറി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അമ്മ തന്നെ പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്.
സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. എന്നാല്‍ അതിപ്പോള്‍ തെറ്റി. അവര്‍ക്ക് യാതൊന്നും ചെയ്യാനായില്ല. തെരിച്ചിലിനായി മികച്ച ഉപകരണങ്ങള്‍ ഒന്നും എത്തിച്ചില്ല. ഇന്ത്യന്‍ മിലിട്ടറിയുടെ ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് വലിയ വിഷമമുണ്ട്. വാഹനം അവിടെ ഇല്ലെന്ന് തെളിയിക്കേണ്ടത് ചിലരുടെ പ്രസ്റ്റീജ് ഇഷ്യൂ ആണോ എന്ന് സംശയം ഉണ്ടെന്നും അമ്മ പറഞ്ഞു.
അവിടെ നടക്കുന്ന നടപടികള്‍ കൃത്യമായി അറിയിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീഡിയോകള്‍ അവര്‍ അയച്ചു തന്നിരുന്നു. എന്നാല്‍ അതെല്ലാം ഡിലീറ്റ് ചെയ്തു. പിന്നീട് ഒന്നും ഉണ്ടായില്ല. മണ്ണെടുക്കല്‍ പതിവിലും നേരത്തെ നിര്‍ത്തുകയായിരുന്നു. ഞങ്ങളുടെ ആളുകളെ അവിടുത്തേക്ക് കടത്തിവിടുന്നില്ല. പട്ടാളത്തിനെ ഞങ്ങള്‍ക്ക് വേണ്ടി ഇത്രയും ചെലവ് ചെയ്ത് വരുത്തിയത് ആരെയോ കാണിക്കാനായുള്ള കോമാളിത്തരമാണ്. ഒരു മനുഷ്യനെ രക്ഷിക്കാന്‍ ആവശ്യമായ ഒരു കാര്യവും അവരുടെ കയ്യിലില്ല. ഇനിയും നേവി വന്നു തിരയുമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞതും നേവിയായിരുന്നില്ലേ. നമ്മള്‍ മലയാളികള്‍ ആയതുകൊണ്ട് മാത്രമാണ് എല്ലാ ശ്രദ്ധയും പിന്തുണയും കിട്ടിയത്. ഇതൊന്നും ലഭിക്കാത്ത തമിഴന്മാരായ മൂന്നുപേരുടെ ആളുകളെ അവിടെ ആട്ടിയോടിക്കുകയാണ്. അവര്‍ക്ക് നീതി ലഭിക്കുന്നില്ല.
അവരെ ആരും ശ്രദ്ധിക്കുന്നില്ല. അഫ്ഗാനില്‍ ജീവിക്കും പോലെയാണ് തോന്നുന്നത്. ഈ സംസ്ഥാനം ഇന്ത്യയില്‍ തന്നെയാണോ എന്നാണ് സംശയിക്കുന്നത്. സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. അതിപ്പോള്‍ തെറ്റിയെന്നും അര്‍ജുന്റെ അമ്മ ഷീല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."