ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് താല്‍ക്കാലിക സ്റ്റേ; ഹൈക്കോടതി ഉത്തരവ് നിര്‍മാതാവിന്റെ ഹരജിയില്‍
തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നത് തടഞ്ഞ് ഹൈക്കോടതി. നിര്‍മാതാവിന്റെ ഹരജിയില്‍ ാെരാഴ്ചത്തേക്കാണ് റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സജിമോന്‍ പാറയിലാണ് ഹരജി നല്‍കിയത്.
സ്വകാര്യ വിവരങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പുറത്ത് വിടാന്‍ വിവരാവകാശ കമ്മീഷനാണ് ഉത്തരവിട്ടിരുന്നത്. പേജ് 49, 81 മുതല്‍ 100 വരെയുള്ള പേജുകള്‍, പാരഗ്രാഫ് 165 മുതല്‍ 196 വരെയുള്ള ഭാഗം, ഖണ്ഡിക 96 എന്നിവ ഒഴിവാക്കിയാവും റിപോര്‍ട്ട് പുറത്ത് വിടുകയെന്നായിരുന്നു റിപ്പോര്‍ട്ട്.
2019 ഡിസംബര്‍ 31നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമാ മേഖലയില്‍ നേരിടുന്ന ചൂഷണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടായിരുന്നു ഇത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം സാംസ്‌കാരിക വകുപ്പ് അംഗീകരിച്ചിരുന്നില്ല. പലരുടെയും സ്വകാര്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ അവ പുറത്തുവിടാന്‍ കഴിയില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരം റിപ്പോര്‍ട്ട് തേടിയപ്പോള്‍ ലഭിച്ചിരുന്ന മറുപടി.
ഈ മാസം 25നകം റിപ്പോര്‍ട്ട് അപേക്ഷകര്‍ക്ക് നല്‍കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. റിപ്പോര്‍ട്ട് പുറത്തുവിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ വിവരാവകാശ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.സാംസ്‌കാരിക വകുപ്പ് മുന്‍വിധിയോടെയാണ് വിവരങ്ങള്‍ നിഷേധിച്ചതെന്നും കമ്മീഷന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."