ഉരുള്‍പൊട്ടലില്‍ ഹാരിസണ്‍ പ്ലാന്റേഷനില്‍ കുടുങ്ങിക്കിടക്കുന്നത് 700 പേര്‍; ചൂരല്‍ മലയില്‍ കണ്‍ട്രോള്‍ റൂം
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയില്‍ താലൂക്ക് ഐ.ആര്‍എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. നേരത്തെ ജില്ലാ തലത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന് പുറമെയാണ് ചൂരല്‍മല കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം ആരംഭിച്ചിരിക്കുന്നത്.
അതേസമയം, 100ലധികം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായിട്ടുമുണ്ട്. മേപ്പാടി വിംസ് ആശുപത്രിയില്‍ 76 പേരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തില്‍ 22പേരും ചികിത്സയിലുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും ഉയരുകയാണ്.
ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന മുണ്ടക്കൈയിലെ വെള്ളരിമല ജിവിഎച്ച്എസ്എസ് സ്‌കൂളും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. നാലു കുടുംബങ്ങളില്‍ നിന്നായി 15പേരാണ് ക്യാംപില്‍ ഉണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിന് മുമ്പ് ഇവരെ ഇവിടെ നിന്ന് മാറ്റിയിരുന്നോ എന്ന് വ്യക്തമല്ല. ഇതിനിടെ, മേപ്പാടി ചൂരല്‍മലയിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ 700ലധികം പേര്‍ കുടുങ്ങികിടക്കുകയാണ്.
ഇതില്‍ 10പേര്‍ക്ക് ഗുരുതരമായ പരുക്കുണ്ട്. ചൂരല്‍മല മേഖലയില്‍ നിന്ന് ഇതുവരെ ആളുകളെ പുറത്തെത്തിക്കാനായിട്ടില്ല. ഇവിടേക്കുള്ള പാലം തകര്‍ന്നിരിക്കുകയാണ്. താല്‍ക്കാലിക പാലം നിര്‍മിച്ച് കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത് .ഹാരിസണ്‍ പ്ലാന്റേഷന്‍ ബംഗ്ലാവില്‍ അഭയം തേടിയ 700പേരാണ് കുടുങ്ങിക്കിടക്കുന്നത്. രാത്രിയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് മാറിയതാവാമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."