രണ്ട് നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍; മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ പുഴ (പാലക്കടവ് സ്റ്റേഷന്‍), ഗായത്രി പുഴ (കൊണ്ടാഴി സ്റ്റേഷന്‍) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷന്‍), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), തൃശ്ശൂര്‍ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍), കാസര്‍കോട് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷന്‍) എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളോട് ചേര്‍ന്നുള്ള കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു.
കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അധീനതയിലുള്ള എട്ട് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂഴിയാര്‍, മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, ബാണാസുര സാഗര്‍ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.
ഇടുക്കിയിലെ കുണ്ടള അണക്കെട്ടില്‍ നീല മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂരിലെ പെരിങ്ങല്‍കുത്തില്‍ യെല്ലോ അലര്‍ട്ടുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."