ജാഗ്രത വേണം, അനാവശ്യ യാത്രകള്‍ വേണ്ട; ഇസ്‌റാഈലിലുള്ള ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി
ടെല്‍ അവീവ്: ഇസ്‌റാഈല്‍- ഇറാന്‍ സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിലവിലുള്ള സുരക്ഷാസാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യത്തില്‍ എംബസ്സിയിലെ 24x7 ഹെല്‍പ്ലൈനുമായി ബന്ധപ്പെടാം. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് എംബസ്സി വിവരം പങ്കുവെച്ചത്.
'നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഇസ്‌റാഈലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദ്ദേശിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുക. എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയും നമ്മുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്‌റാ ഈല്‍ അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.'- എംബസ്സി എക്സില്‍ പോസ്റ്റ് ചെയ്തു.
ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമായി വന്നാല്‍ +972-547520711, +972-543278392 എന്ന നമ്പറുകളില്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാം. അതിനായുള്ള ഫോണ്‍ നമ്പറും ഈ-മെയില്‍ ഐഡിയും [email protected]. ഇന്ത്യന്‍ എംബസ്സി പങ്കുവെച്ചു. എംബസിയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള ഓണ്‍ലൈന്‍ ലിങ്കും എംബസ്സി പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഇസ്‌റാഈലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ ഓഗസ്റ്റ് എട്ടുവരെ എയര്‍ഇന്ത്യ റദ്ദുചെയ്തിരുന്നു.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ വധത്തെതുടര്‍ന്ന് സംഘര്‍ഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഹനിയെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്റേയും ഹമാസിന്റേയും ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."