ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 'ആനവണ്ടി' ബെയ്‌ലി പാലത്തിലൂടെ ചൂരല്‍മലയിറങ്ങി
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദിവസം ചൂരല്‍മല പാലം തകര്‍ന്നതോടെ അട്ടമല റോഡില്‍ കുടുങ്ങിയിരുന്ന കെഎസ്ആര്‍ടിസി ബസ് ഒടുവില്‍ മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ബെയിലി പാലം വഴി ബസ് കല്‍പ്പറ്റയിലേക്ക് കൊണ്ടുപോയത്.
ഉരുള്‍പൊട്ടിയതിനുശേഷം കഴിഞ്ഞ ആറു ദിവസമായി ബസ് ചൂരല്‍മലയിലെ അട്ടമല റോഡില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. യാത്രക്കാര്‍ ആരുമില്ലാതെ ബസിലെ ജീവനക്കാരില്ലാതെ എല്ലാത്തിനും സാക്ഷിയായി കിടന്നിരുന്ന ബസും നോവുന്ന കാഴ്ചയായിരുന്നു.
കാരണം മുണ്ടക്കൈ പ്രദേശത്തെ കല്‍പ്പറ്റയുമായി ബന്ധിപ്പിക്കുന്ന അവരുടെ സ്വന്തം ബസിന് മുണ്ടക്കൈയിലെ ജനങ്ങളുമായി അത്രമേല്‍ ബന്ധമുണ്ട്. ഉരുള്‍പൊട്ടലും അതിനുശേഷമുള്ള എല്ലാത്തിനും മൂകസാക്ഷിയായ ശേഷം ഇന്നലെ വൈകിട്ടാണ് ബസ് കല്‍പ്പറ്റ ഡിപ്പോയിലേക്ക് മാറ്റിയത്.
യാത്രക്കാരില്ലാതെ ആളും ബഹളവുമില്ലാതെ ബെയ്‌ലിപാലത്തിലൂടെ ബസ് കടന്നുപോയി. ഒരു സ്റ്റോപ്പിലും നിര്‍ത്താതെ ഇനിയെന്ന് മുണ്ടക്കൈക്ക് തിരിച്ചുവരുമെന്ന് പോലും അറിയാതെയുള്ള മടക്കമായിരുന്ന്ു അത്.കല്‍പ്പറ്റ ഡിപ്പോയ്ക്ക് രണ്ട് സ്റ്റേറ്റ് സര്‍വീസ് ആയിരുന്നു ഉണ്ടായിരുന്നത്.
ഒന്ന് മുണ്ടക്കൈയിലും. രണ്ടാമത്തെ അട്ടമലയിലും. അട്ടമലയില്‍ നിന്ന് യാത്രക്കാര്‍ കുറഞ്ഞുവന്നതോ അട്ടമല സ്റ്റേ സര്‍വീസ് ഒഴിവാക്കി. മുണ്ടക്കൈയില്‍ മാത്രമായി പിന്നെ സ്റ്റേറ്റ് സര്‍വീസ്. പതിവായി മുണ്ടക്കൈയിലായിരുന്നു ബസ് നിര്‍ത്തിയിടുക. ഈയിടെയായി ചൂരല്‍ മലയിലാണ് നിര്‍ത്തിയിരുന്നത്. അതുകൊണ്ട് മാത്രമാണ് ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടതും. ഉരുള്‍പൊട്ടലില്‍ ബസിന് കേടുപാടുകളൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."