പറന്നിറങ്ങിയ ദുരന്തത്തിന് നാലാണ്ട്; കേന്ദ്ര സഹായങ്ങള്‍ കടലാസില്‍
മലപ്പുറം: കേരളത്തെ നടുക്കി പറന്നിറങ്ങിയ കരിപ്പൂര്‍ വിമാനദുരന്തത്തിന് നാലാണ്ട് തികയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ കടലാസില്‍. 2020 ഓഗസ്റ്റ് ഏഴിനാണ് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ താഴ്ചയിലേക്ക് കൂപ്പുകുത്തി മൂന്നായി പിളര്‍ന്നത്. രണ്ട് പൈലറ്റ്മാരും 19 യാത്രക്കാരും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. 169 പേര്‍ക്ക് പരുക്കേറ്റു. നാലു കാബിന്‍ക്രൂ അടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ പലരും ഇപ്പോഴും ശാരീരക പ്രായാസങ്ങള്‍ നേരിടുന്നവരാണ്.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് അര ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതു ലഭിച്ചിട്ടില്ലെന്ന് മരിച്ചവരുടെ ബന്ധുക്കളും അപകടത്തില്‍ പരുക്കേറ്റവരും പറയുന്നു. രക്ഷപ്പെട്ട നിരവധി പേര്‍ ഇപ്പോഴും ചികിത്സയ്ക്ക് വിധേയരായി കഴിയുകയാണ്. അര്‍ഹതപ്പെട്ട ചികിത്സാ സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് പരുക്കേറ്റ യാത്രക്കാരുടെ ആവശ്യം.
എയര്‍ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരമാണ് പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നല്‍കിയത്. 12 ലക്ഷം മുതല്‍ 7.5 കോടി വരെ നഷ്ടപരിഹാരം എയര്‍ഇന്ത്യ നല്‍കിയിട്ടുണ്ട്. 13 വര്‍ഷം മുമ്പ് നടന്ന മംഗളൂരു വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം പൂര്‍ണമായും എയര്‍ഇന്ത്യയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഇതിനു വേണ്ടി യാത്രക്കാരും മരിച്ചവരുടെ കുടുംബങ്ങളും ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. എന്നാല്‍ കരിപ്പൂര്‍ അപകടത്തില്‍പ്പെട്ടവര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ എയര്‍ഇന്ത്യയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ സാധിച്ചിരുന്നു.
വലിയ വിമാനങ്ങള്‍ പിന്‍വലിച്ചിട്ടും നാലു വര്‍ഷം
മലപ്പുറം: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ അനുമതി പിന്‍വലിച്ചിട്ട് നാലു വര്‍ഷം. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വിസ് കേന്ദ്ര വ്യോമയാന മന്ത്രാലയം പിന്‍വലിച്ചത്. വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്നും വിമാനത്താവളത്തിന്റെ പ്രശ്‌നമല്ലെന്നും ബോധ്യമായിട്ടും വലിയ വിമാനങ്ങളുടെ സര്‍വിസ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."