യുഎഇയില്‍ എന്‍ട്രി പെര്‍മിറ്റുകള്‍ 30 ദിവസത്തേക്കോ അതില്‍ കൂടുതലോ നീട്ടാൻ സാധിക്കും; എങ്ങനെയെന്നറിയാം
ദുബൈ: യുഎഇയുടെ വിവിധ എന്‍ട്രി പെര്‍മിറ്റുകളില്‍ രാജ്യത്തെത്തിയ ശേഷം അവസാന നിമിഷം വിസയുടെ കാലാവധി നീട്ടേണ്ട സാഹചര്യങ്ങൾ പൊതുവെ കണ്ടുവരുന്നതാണ്.വിസിറ്റ് വിസകളിലും ടൂറിസ്റ്റ് വിസകളിലുമുള്‍പ്പെടെ യുഎഇയില്‍ വന്ന ശേഷം അവ 30 ദിവസത്തേക്കോ അതില്‍ കൂടുതലോ സമയത്തേക്ക് പുതുക്കാന്‍ യുഎഇ അവസരമുണ്ട്. എന്നാല്‍ വിസയുടെ തരമനുസരിച്ച് നീട്ടാവുന്ന കാലയളവില്‍ വ്യത്യാസമുണ്ടാവുന്നതാണ്. അതേപോലെ എന്‍ട്രി പെര്‍മിറ്റിന്റെ സ്വഭാവം, നീട്ടേണ്ട കാലാവധി എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഫീസ് ഇനങ്ങളിലും വിത്യാസം വരുന്നുണ്ട്.
എന്‍ട്രി പെര്‍മിറ്റ് നീട്ടുന്നതിന് വളരെ ലളിതമായ ഓണ്‍ലൈന്‍ സംവിധാനം അധികൃതര്‍ നടപ്പിലാക്കിയിട്ടുണ്ട്. ചില എന്‍ട്രി പെര്‍മിറ്റുകള്‍ 30 ദിവസത്തേക്കും ചിലത് അതില്‍ കൂടുതല്‍ കാലത്തേക്കും ഇതിലൂടെ നീട്ടിയെടുക്കാൻ സാധിക്കും. ചില പെർമിറ്റുകൾ ഒന്നിലധികം തവണ നീട്ടാനും അവസരമുണ്ട്. മൂന്ന് തരത്തിലുള്ള പെര്‍മിറ്റുകളാണ് 30 ദിവസത്തേക്ക് നീട്ടാന്‍ സാധിക്കുക. സന്ദര്‍ശന വിസയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റ്,വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി പെര്‍മിറ്റ് അഥവാ ടൂറിസ്റ്റ് വിസ, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് എന്നിവയാണ് 30 ദിവസത്തേക്ക് നീട്ടാന്‍ സാധിക്കുക.
വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് നീട്ടാൻ രണ്ടുതവണ സാധിക്കും. ടൂറിസം കമ്പനികള്‍ വഴി മാത്രമേ ടൂറിസ്റ്റ് വിസ എക്സ്റ്റന്‍ഷന് അപേക്ഷ നല്‍കാന്‍ സാധിക്കു. വിസിറ്റ് വിസയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റും 30 ദിവസത്തേക്ക് രണ്ടുതവണ നീട്ടാന്‍ സാധിക്കും. എന്നാല്‍ ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള പ്രവേശന പെര്‍മിറ്റ് 30 ദിവസത്തേക്ക് ഒരു തവണ മാത്രമേ നീട്ടാന്‍ സാധിക്കൂ. ഈ മൂന്ന് തരം എന്‍ട്രി പെര്‍മിറ്റുകളും നീട്ടുന്നതിനായി അപേക്ഷയ്‌ക്കൊപ്പം പാസ്പോര്‍ട്ട് കോപ്പി മാത്രമാണ് ആവശ്യമായി വരുന്ന രേഖ.
അതേസമയം, മൂന്ന് തരത്തിലുള്ള പെര്‍മിറ്റുകള്‍ 30 ദിവസത്തില്‍ കൂടുതല്‍ നീട്ടാന്‍ സാധിക്കും. ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ്,ചികിത്സാര്‍ഥമുള്ള എന്‍ട്രി പെര്‍മിറ്റ്, പഠന ആവശ്യങ്ങള്‍ക്കാനുള്ള എന്‍ട്രി പെര്‍മിറ്റ് എന്നിവയാണവ. ചികിത്സയ്ക്കും പഠനത്തിനുമുള്ള എന്‍ട്രി പെര്‍മിറ്റുകള്‍ 90 ദിവസത്തേക്കും ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് 60 ദിവസത്തേക്കുമാണ് നീട്ടാന്‍ സാധിക്കുക. ഈ മൂന്ന് വിഭാഗങ്ങളും എക്സ്റ്റന്‍ഷന്‍ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് കോപ്പി കൂടെ വെയ്ക്കണം. ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടാന്‍ 260 ദിര്‍ഹം, പഠിക്കാനുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടാന്‍ 610 ദിര്‍ഹം, ചികിത്സയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടാന്‍ 510 ദിര്‍ഹം എന്നിങ്ങനെയാണ് ഫീസ് വരുന്നത്.
എന്നാല്‍ എന്‍ട്രി പെര്‍മിറ്റ് പുതുക്കാന്‍ കഴിയണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണം. അപേക്ഷകന്റെ പാസ്പോര്‍ട്ട് ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ളതാവണം എന്നതാണ് അവയില്‍ എറ്റവും പ്രധാനം. ഇതിനു പുറമെ, അപേക്ഷിക്കുന്ന വേളയില്‍ പറയുന്ന നിര്‍ദ്ദേശങ്ങളും ആവശ്യകതകളും പാലിച്ചിരിക്കണം. അപേക്ഷ സമര്‍പ്പിച്ച് 48 മണിക്കൂറിന് ശേഷം വിസ നീട്ടാനുള്ള അനുമതി ലഭ്യമാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."