ഡെലിവറി ചെയ്യുന്നവർ സുരക്ഷാ നിയമങ്ങൾ പാലിക്കണം: നിർദേശവുമായി അബൂദബി പൊലിസ്
അബൂദബി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡെലിവറി ബൈക്ക് റൈഡർമാർ ശ്രദ്ധിക്കണമെന്ന് അബൂദബി പൊലിസ് നിർദേശിച്ചു. റൈഡർമാർ അനുവദനീയ പാതകളിൽ മാത്രം സഞ്ചരിക്കേണ്ടതിൻ്റെ പ്രാധാന്യവും അപകടമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിന് ഹെൽമെറ്റും പാഡ് ചെയ്ത വസ്ത്രങ്ങളും ധരിക്കേണ്ടതിൻ്റെ പ്രാധാന്യവും എടുത്തു കാട്ടി കഴിഞ്ഞ ദിവസം പൊലിസ് സോഷ്യൽ മീഡിയയിൽ ഒരു ബോധവൽക്കരണ വീഡിയോ പങ്കിട്ടു.
മുന്നിലെയും പാർശ്വ ഭാഗത്തെയും ലൈറ്റുകളും ടയറുകളും നന്നായി പരിപാലിക്കേണ്ടതിന്റെയും പൂർണ്ണമായും പ്രവർത്ത നക്ഷമമാണെന്ന് റൈഡർമാർ ഉറപ്പാക്കേണ്ടതിൻ്റെയും ആവശ്യകതയും ആനിമേറ്റഡ് വീഡിയോയിൽ ഊന്നിപ്പറഞ്ഞു. അനുചിത ഓവർ ടേക്കിങ്ങും പെട്ടെന്നുള്ള ലെയ്ൻ മാറ്റവും അപകട സാധ്യത കൂട്ടുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി.
റോഡ് ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള ഡെലിവറി റൈഡർമാരെ സംരക്ഷിക്കുന്നതിനുള്ള അധികാരികളുടെ ഏറ്റവും പുതിയ നടപടിയാണ് ഈ സന്ദേശം. 2023 ജൂണിൽ അബൂദബിയിലെ ചില റോഡുകളിൽ ഡെലിവറി ബൈക്ക് റൈഡർമാരെ ഇടത്, അഥവാ 'ഫാസ്റ്റ്' (ഓവർടേക്കിങ്) ലെയ്ൻ ഉപയോഗിക്കുന്നതിൽ നിന്നും തടഞ്ഞു പുതിയ നിയമം നടപ്പാക്കിയിരുന്നു.
മണിക്കൂറിൽ 100 കിലോമീറ്ററോ അതിൽ കൂടുതലോ വേഗ പരിധിയുള്ള എല്ലാ റോഡുകളിലും റൈഡർമാർ വലതു വശത്തെ പാതകളിൽ നിൽക്കണമെന്ന് ട്രാഫിക് സുരക്ഷയ്‌ക്കായുള്ള എമിറേറ്റിൻ്റെ ജോയിൻ്റ് കമ്മിറ്റി ഈയിടെ അറിയിച്ചിരുന്നു.
റൈഡർമാർ ധരിക്കുന്ന ഡെലിവറികൾ കൊണ്ടുപോകാനുള്ള ബോക്‌സ് 50 സെൻ്റീമീറ്റർ വീതിയും നീളവും ഉയരവും വേണമെന്ന ചട്ടങ്ങൾ 2022 മെയ് മാസത്തിൽ അബൂദബി പൊലിസ് പുറത്തിറക്കിയിരുന്നു. അതുപോലെ, മൂർച്ചയുള്ള കോണുകളില്ലാത്ത അരികുകൾ പ്രകാശത്തിൽ പ്രതിഫലിപ്പിക്കുന്ന വക്കുകളാൽ ബോക്സ് മൂടിയിരിക്കണം. ബോക്സിൽ എഴുതുന്നത് കുറഞ്ഞത് 20 മീറ്റർ അകലെ നിന്ന് വ്യക്തമായി കാണണം.
ബോക്സ് ഫൈബർ ഗ്ലാസ് കൊണ്ട് നിർമിച്ചതായിരിക്കണം.
എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി മുൻവശത്ത് ഒരു ഓപ്പണിങ് ഉണ്ടായിരിക്കണം. 2023ൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കാൻ റോഡ് സേഫ്റ്റി യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു.
4,391 കൂട്ടിയിടികളിലെ 2,916 എണ്ണത്തിൽ 66 ശതമാനവും ചെറു വാഹനങ്ങളാണ്. അതേസമയം, മോട്ടോർ സൈക്കിളുകളാണ് മൊത്തം അപകടങ്ങളുടെ 18 ശതമാനം, അഥവാ 783 അപകടങ്ങളുണ്ടാക്കിയത്.
2023ൽ രേഖപ്പെടുത്തിയ അപകടങ്ങളിൽ മോട്ടോർ സൈക്കിൾ യാത്രക്കാർ ഉൾപ്പെട്ട 42 മരണങ്ങൾ സംഭവിച്ചു. 1,020 പേർക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അപകട സാധ്യതയുള്ള മോട്ടോർ സൈക്കിൾ റൈഡർമാരുടെയും സൈക്കിൾ, ഇലക്ട്രിക് ബൈക്കുകൾ, സ്കൂട്ടറുകൾ എന്നിങ്ങനെയുള്ള മൈക്രോ മൊബിലിറ്റി റൈഡർമാരുടെയും ഇരകളുടെ സ്ഥിതി വിവരക്കണക്കുകളിലാണ് ഈ വിവരങ്ങളുള്ളതെന്ന് യു.എ.ഇ റോഡ് സേഫ്റ്റി മാനേജിങ് ഡയരക്ടർ തോമസ് എഡൽമാനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."