മുല്ലപ്പെരിയാര്‍ ഡാമിന് സംഭവിക്കുന്നത് എന്ത്? ആശങ്കപ്പെടേണ്ടതുണ്ടോ?
വര്‍ഷങ്ങളായി തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മുല്ലപ്പെരിയാര്‍ ഡാം. സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞതും നമ്മള്‍ കേട്ടു. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കോടതികള്‍ ഉത്തരം പറയുമോ എന്നും ഇനിയും കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ലെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാര്‍ ഡാമിന് സംഭവിക്കുന്നത് എന്താണ്.
അണക്കെട്ടിന് ബലക്ഷയം വര്‍ധിച്ചിരിക്കുന്നുവെന്നും ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ജലനിരപ്പ് ഉയരുന്നു വെന്നും തുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളില്‍ എത്രപേര്‍ക്ക് അറിയാം ഒരു ജനതയുടെ ഉള്ളില്‍ ഭീതിയുടെ വിത്തുകള്‍ വിതറി നില്‍ക്കുന്ന ഈ അണക്കെട്ടിന്റെ ചരിത്രം?
പീരുമേട് താലൂക്കില്‍ കുമളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കേരളത്തിലെ പെരിയാര്‍ വന്യജീവി സങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിക്കു ചുറ്റുമായാണ് സ്ഥിതി ചെയ്യുന്നത്. കടുത്ത വരള്‍ച്ചയില്‍ വലഞ്ഞിരുന്ന തമിഴ്‌നാട്ടിലെ മധുര, ഡിണ്ടിഗല്‍, രാമനാഥപുരം എന്നീ പ്രദേശങ്ങളിലേക്ക് പെരിയാറിലെ വെള്ളം എത്തിക്കാനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടിഷുകാര്‍ പണികഴിപ്പിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.
ക്യാപ്റ്റന്‍ ജോണ്‍ പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ഈ ഡാം. 1895 ഒക്ടോബര്‍ 11ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തു. തിരുവിതാം കൂറിന്റെ അധികാര പരിധിയിലുള്ള സ്ഥലത്ത് നിര്‍മിച്ച അണക്കെട്ടിലെ വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകാന്‍ തിരുവിതാംകൂറിന്റെ അനുമതി വേണം. അതിനായി 1886 ഒക്ടോബര്‍ 29ന് ഒരു കരാര്‍ ഒപ്പു വയ്ക്കുകയും അതിന്റെ കാലാവധി 999 വര്‍ഷത്തേക്കായിരുന്നു.
പിന്നീട് കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം 1970ല്‍ ഈ കരാര്‍ പുതുക്കുകയും മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൈദ്യുതി നിര്‍മിക്കാനും തമിഴ്‌നാടിന് അധികാരം ലഭിക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച പെന്നിക്വിക്ക് അതിന് 50 വര്‍ഷത്തെ ആയുസ് മാത്രമാണ് കണക്കാക്കിയത്. വര്‍ഷങ്ങള്‍ മുന്നോട്ട് പോകുംതോറും കേരളത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ ആശങ്കകള്‍ വര്‍ധിച്ചു വരുകയാണ്. ഗുജറാത്തിലെ മോര്‍ബി അണക്കെട്ട് തകര്‍ന്ന 1979ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നില്‍ക്കുന്ന പ്രദേശത്ത് ചെറിയ ഭൂചലനമുണ്ടാവുകയും തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 142ല്‍ നിന്ന് 136 അടിയായി കുറയ്ക്കുകയും ചെയ്തിരുന്നു.
പക്ഷേ, ചെറിയചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്ത് തമിഴ്‌നാട് ഇത് വീണ്ടും ഉയര്‍ത്താനുള്ള അനുമതി നേടിയെടുത്തു. അണക്കെട്ടിലെ ജനലനിരപ്പാണ് കേരളവും തമിഴ്‌നാടും തമ്മില്‍ തുടരുന്ന ദീര്‍ഘകാല തര്‍ക്കത്തിന്റെയും നിയമയുദ്ധങ്ങളുടെയും കാരണം. അണക്കെട്ടിന്റെ സുരക്ഷയെ കരുതി ജലനിരപ്പ് താഴ്ത്തണമെന്ന് കേരളം വാദിക്കുമ്പോള്‍ അണക്കെട്ട് സുരക്ഷിതമാക്കാന്‍ വേണ്ടതെല്ലാം തങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് ജലനിരപ്പ് ഉയര്‍ത്തണമെന്നുമാണ് തമിഴനാട് പറയുന്നതും.
1970ലെ പുതുക്കിയ കരാര്‍ ആണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ കേരളത്തിന്റെ പ്രശ്‌നം. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍. കേരളത്തില്‍ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. 1895ല്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് 999 വര്‍ഷത്തേയ്ക്ക് തമിഴ്‌നാട് പാട്ടത്തിനെടുത്തു. അണക്കെട്ട് നിലനില്‍ക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും അതിന്റെ നിയന്ത്രണം തമിഴ്‌നാടിനാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിവെച്ചിരിക്കുകയാണ്.
ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വര്‍ഷമാണെന്നിരിക്കേ നൂറു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശത്തുള്ളവര്‍ക്കും കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും കേരളമുയര്‍ത്തുമ്പോള്‍ ഇതിനെക്കുറിച്ചു നടന്ന ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങള്‍ക്ക് കഴമ്പില്ലെന്നാണ് തമിഴ്‌നാടും വാദിക്കുന്നത്.
പെരിയാര്‍ പാട്ടക്കരാര്‍ ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുമ്പ് നിലവില്‍ വന്നതാണെന്നും ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാരും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളവും സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.
2000ല്‍ പ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകള്‍ വര്‍ധിച്ചത്. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോള്‍ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നുതന്നെയാണ് കേരളത്തിന്റെ വാദം. എന്നാല്‍ അണക്കെട്ട് 1922ലും, 1965ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്‌നാടിന്റെ മുഖ്യ എഞ്ചിനീയര്‍ പറയുന്നു.
എന്നാല്‍, സിമന്റ് പഴയ സുര്‍ക്കിക്കൂട്ടില്‍ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ധരും പറഞ്ഞു. 1902ല്‍ തന്നെ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ്, വര്‍ഷം 30.48 ടണ്‍ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് അനേകം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളം വാദിക്കുന്നത്.
1979 -81 കാലഘട്ടത്തില്‍ നടത്തിയ ബലപ്പെടുത്തല്‍ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവച്ചതെന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അണക്കെട്ടിന്റെ ചുറ്റളവില്‍ റിക്ടര്‍ സ്‌കെയിലില്‍ നാലിനു മുകളില്‍ വരുന്ന ഭൂകമ്പങ്ങള്‍ അണക്കെട്ടിന് ഗുരുതരമായ ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താല്‍ക്കാലിക ബലപ്പെടുത്തല്‍ ഇനി നിലനില്‍ക്കില്ലെന്നും മറിച്ച് പുതിയ ഡാം മാത്രമാണ് ഇതിന് പരിഹാരമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2006 നവംബര്‍ 24ല്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാന്‍ നാവികസേനാവൃന്ദങ്ങള്‍ എത്തിയെങ്കിലും കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്ന് അവര്‍ പഠനം നടത്താതെ മടങ്ങിപ്പോവുകയായിരുന്നു.
15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ സംഭരണശേഷി. എന്നാല്‍ കോടതി നിര്‍ദേശപ്രകാരം അനുവദനീയമായ പരമാവധി സംഭരണശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. എന്നാല്‍, കനത്ത മഴയെത്തുടര്‍ന്ന് 2011 നവംബര്‍ 28 ന് രാവിലെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയര്‍ന്നിരുന്നു.
മഴ കുറഞ്ഞതിനെത്തുടര്‍ന്ന് 136.3 അടിയായി കുറഞ്ഞെങ്കിലും 11.2 ദശലക്ഷം ഘനയടി വെള്ളമാണ് ഇപ്പോഴും ഡാമിലുള്ളത്. ഇതിനെത്തുടര്‍ന്ന് കൂടുതലുള്ള വെള്ളം സ്പില്‍വേയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കന്‍ഡില്‍ 107 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഇപ്രകാരം ഒഴുക്കുന്നത്. 24 മണിക്കൂര്‍കൊണ്ടാണ് ഇത് ഇടുക്കി ഡാമിലേക്കെത്തിച്ചേരുക.
എന്നാല്‍ ഭൂകമ്പത്തേത്തുടര്‍ന്നോ മറ്റോ ഡാം തകരുകയാണെങ്കില്‍ മൂന്ന് മുതല്‍ നാലു മണിക്കൂര്‍ കൊണ്ട് വെള്ളം ഇടുക്കി ഡാമിലേക്കെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാല്‍ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 2011 നവംബര്‍ 28 ലെ കണക്ക് പ്രകാരം നവംബര്‍ 28 ന് ഡാമിലെ ജലനിരപ്പ് 2384.7 അടിയാണ്. ഡാമിന്റെ സംഭരണശേഷിയുടെ 79.06 ശതമാനമായ 60 ദശലക്ഷം ഘനയടി വെള്ളമാണ് നവംബര്‍ 28 ലുള്ളത് .
അതായത് മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തില്‍ 10 ദശലക്ഷം ഘനയടി ജലത്തെയും ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് കഴിയും. ഡാം തകര്‍ന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3 , 4 മണിക്കൂറിനുള്ളില്‍ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിന്റെ ജലനിരപ്പ് നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന്.ചെറുതോണി ഡാമിന് മുകള്‍ഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത്. ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടില്‍ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും.
മുല്ലപ്പെരിയാര്‍ ഡാം ഒന്നാകെ തകരുകയാണെങ്കില്‍ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് കുതിച്ചെത്തുക. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കവില്‍ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനും സ്വത്തുക്കളും ഇതുമൂലം അപകടത്തിലാവും. ഇവരില്‍ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകത. ഈ ആഘാതത്തില്‍ ഇടുക്കി ഡാം തകര്‍ന്നാല്‍ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഇത് ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെ ഒന്നാകെ ബാധിക്കും.
മുല്ലപ്പെരിയാര്‍ ഡാമിനൊപ്പം ഇടുക്കി ഡാമിന്റെ കൂടി തകര്‍ച്ചയുണ്ടായാല്‍ കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസേര്‍ച് സ്റ്റേഷന്‍ ടീം നല്‍കിയ രഹസ്യറിപ്പോര്‍ട്ടില്‍ പറയുന്നത്.
മുല്ലപ്പെരിയാര്‍ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹന്‍സീവ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ ഫോര്‍ മുല്ലപ്പെരിയാര്‍ ഡാം ഹസാര്‍ഡ്) ഭാഗമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡാമിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് 45 മിനിറ്റിനകം 36 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേല്‍പറഞ്ഞ രീതിയില്‍ ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായി തുറന്നാല്‍ പെരിയാറിലൂടെ 40 അടി ഉയരത്തില്‍ വെള്ളം കുതിച്ചു പായുമെന്നാണ് മറ്റൊരു നിഗമനം. കാലവര്‍ഷക്കാലത്താണെങ്കില്‍ സ്ഥിതി ഇതിലും ഗുരുതരമാകാം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് റൂര്‍ക്കി ഐ. ഐ.ടി.യുമായി ചേര്‍ന്ന് പഠനം നടത്താനുള്ള കരാറില്‍ കേരളം 2011 നവംബര്‍ 30നും ഒപ്പു വച്ചിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാല്‍ അവിടെ നിന്നുവരുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ ഇടുക്കി ഡാമിനെ സജ്ജമാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇടുക്കി ഡാമിലെ ജലനിരപ്പ് 59.5 ടി എംസി യായി കുറച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിലവിലുള്ള 11.75 ടി എം സി ജലം എത്തിയാല്‍ പോലും ഇതിന്റെ ഫലമായി ഇടുക്കി ഡാമിന് ആ ജലത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. വൈദ്യുതി ഉല്പാദനം കൂട്ടിയും അല്ലാതെയും ഈ നില നിലനിര്‍ത്താനാണ് ഇപ്പോഴത്തെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."