ലൈബ്രേറിയന്മാര്‍ക്കുള്ള പരിശീലന കോഴ്‌സ് നാളെ മുതല്‍
പാലക്കാട്: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ലൈബ്രേറിയന്മാര്‍ക്കായി പരിശീലന കോഴ്‌സ് നടത്തുമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഗ്രന്ഥശാലകളിലെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ലൈബ്രേറിയന്മാരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ ലൈബ്രേറിയന്മാര്‍ക്കും ഘട്ടംഘട്ടമായാണ് പരിശീലനം നല്‍കുക.
ഒന്നാംഘട്ട പരിശീലനം പാലക്കാട് താലൂക്കിലെ ലൈബ്രേറിയന്മാര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ 24 വരെ താരേക്കാടുളള എന്‍.ജി.ഒ. യൂനിയന്‍ ഹാളില്‍ നടക്കും. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം, ഗ്രന്ഥശാലകളുടെ ചരിത്രം, ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, ഇന്‍ഫര്‍മേഷന്‍ സോഴ്‌സ്, കംപ്യൂട്ടറൈസ്ഡ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, ഓര്‍ഗനൈസേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, ലൈബ്രറി കമ്മറ്റിയും റിക്കാര്‍ഡുകളും, കംപ്യൂട്ടറൈസ്ഡ് കാറ്റലോഗിങ് എന്നീ വിഷയങ്ങളിലാവും പരിശീലനം. ശേഷം പരീക്ഷയും നടക്കും.
പങ്കെടുക്കുന്നവര്‍ക്ക് പരിശീലന സര്‍ട്ടിഫിക്കറ്റ് നല്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 ന് പരിശീലന കളരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വ്വഹിക്കും. സംസ്ഥാന എക്‌സി. അംഗം പി.കെ. സുധാകരന്‍, ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കും.
പാലക്കാട് താലൂക്കിലെ മുഴുവന്‍ ഗ്രന്ഥശാലകളിലെയും ലൈബ്രേറിയന്മാരും, വനിതാ വയോജന കേന്ദ്രങ്ങളിലെ ലൈബ്രേറിയന്മാരും സെപ്റ്റംബര്‍ ഒന്നിന് രാവിലെ 9.30 ന് താരേക്കാട് ഇ. പത്മനാഭന്‍ സ്മാരക മന്ദിരത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്ന ലൈബ്രേറിയന്മാര്‍ക്കു മാത്രമെ 'ഭാവിയില്‍ വര്‍ധിപ്പിക്കുന്ന ആനുകൂല്യങ്ങളും അംഗീകാരവും നല്‍കുകയുള്ളൂ എന്നും താലൂക്ക് സെക്രട്ടറി വി. രവീന്ദ്രനും പ്രസിഡന്റ് ടി.കെ. രമേഷും സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ജി. മരിയ ജെറാള്‍ഡും അറിയിച്ചു.
ഒറ്റപ്പാലം, പട്ടാമ്പി, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു ലൈബ്രേറിയന്മാര്‍ക്ക് പരിശിലനത്തില്‍ പങ്കെടുക്കാം.
താലൂക്ക് തലത്തില്‍ നടത്തുന്ന പരിശീലനം വിജയിപ്പിക്കാനാവശ്യമായ സഹായങ്ങള്‍ എല്ലാ ലൈബ്രറി 'ഭാരവാഹികളും നല്‍കണമെന്ന് ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ്, സെക്രട്ടറി എം. ഖാസിം, സംസ്ഥാന എക്‌സി. അംഗം പി.കെ. സുധാകരന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."