4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം
കോഴിക്കോട്:കോഴിക്കോട് സ്ഥിര താമസമാക്കിയ ഉത്തരേന്ത്യൻ സ്വദേശിയായ ഡോക്‌ടറുടെ പക്കൽ നിന്നും 4.08 കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. രാജസ്ഥാൻ ദുർഖാപുർ സ്വദേശിയായ ഡോക്‌ടർ 20 വർഷം മുമ്പാണ് കോഴിക്കോടെത്തി സ്ഥിര താമസം തുടങ്ങിയത്.
സമുദായത്തിന്റെ ഉന്നമനത്തിനായി സഹായം അഭ്യർത്ഥിച്ചാണ് രാജസ്‌ഥാൻ സ്വദേശിയായ അമിത് എന്ന് പരിചയപ്പെടുത്തിയ ആൾ ഡോക്‌ടറെ ആദ്യം സമീപിച്ചത്. സേവന പ്രവർത്തനങ്ങളിൽ തൽപരനായ ഡോക്‌ടർ സഹായം നൽകി. തുടർന്ന് ചികിത്സ ആവശ്യങ്ങളുൾപ്പെടെ പല കാരണങ്ങളുമായി വീണ്ടും തുക വാങ്ങി. ഈ വർഷം ജനുവരി 31 മുതൽ ഓഗസറ്റ് 23 വരെയുള്ള ദിവസങ്ങളിലായാണ് 4,08,80,457 രൂപ വാങ്ങിയത്.
ഇതിനിടെ ഡോക്ടർ രാജസ്‌ഥാനിൽ കേസിൽപ്പെട്ടിട്ടുണ്ടെന്നും ഒഴിവാക്കാൻ പോലിസിന് കൈക്കൂലി നൽകാനെന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. പണം നൽകാനില്ലാതെ വന്നതോടെ സ്വർണം പണയം വയ്ക്കാനായി മകൻ്റെ സഹായം തേടി. മകൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ഓഗസ്റ്റ് 31ന് സൈബർ പോലിസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."