ഇന്ത്യയുമായി ഗൾഫ് രാജ്യങ്ങൾ സഹകരണം ശക്തമാക്കുന്നു, തിങ്കളാഴ്ച റിയാദിൽ ചർച്ച
റിയാദ്: ഇന്ത്യയും ഗൾഫ് ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ നാളെ ചർച്ചകൾ നടത്തും. സഊദി തലസ്ഥാന നഗരിയായ റിയാദിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്ത് നടക്കുന്ന ഗള്‍ഫ് വിദേശ മന്ത്രിമാരുടെ 161-മത് യോഗത്തിനിടെയായിരിക്കും ആറു ഗള്‍ഫ് രാജ്യങ്ങളിലെയും വിദേശ മന്ത്രിമാര്‍ ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറുമായി തന്ത്രപ്രധാനമായ ചര്‍ച്ച നടത്തുന്നത്.
അതീവ പ്രധാന്യമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ഇത്തരത്തില്‍ പെട്ട ആദ്യ ചര്‍ച്ചയായിരിക്കും ഇത്. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രവും സംയുക്ത കര്‍മ പദ്ധതിയും യോഗത്തില്‍ വെച്ച് ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും മേഖലാ, ആഗോള പ്രശ്‌നങ്ങളും ഗള്‍ഫ് വിദേശ മന്ത്രിമാരുടെ യോഗം വിശകലനം ചെയ്യുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു. റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവുമായും ബ്രസീല്‍ വിദേശ മന്ത്രി മൗറോ വിയേരയുമായും ഗള്‍ഫ് വിദേശ മന്ത്രിമാര്‍ പ്രത്യേകം ചര്‍ച്ച നടത്തും.
ഗള്‍ഫ് രാജ്യങ്ങളും റഷ്യയും തമ്മില്‍ നടത്തുന്ന ഏഴാമത് സ്ട്രാറ്റജിക് ഡയലോഗ് ആണിത്. പൊതുതാല്‍പര്യങ്ങള്‍ കൈവരിക്കാനും സൗഹൃദബന്ധം മെച്ചപ്പെടുത്താനും തന്ത്രപരമായ സംഭാഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇരുപക്ഷവും മുന്‍യോഗത്തില്‍ സമ്മതിക്കുകയും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അനുഭവങ്ങള്‍ കൈമാറാനും ലക്ഷ്യമിടുന്ന ഗള്‍ഫ്-റഷ്യന്‍ സംയുക്ത കര്‍മ പദ്ധതി 2023-2028 അംഗീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."