മൈമൂന ബിന്‍ത് ഹാരിസ്:പകരം വെക്കാനില്ലാത്ത സ്‌ത്രൈണതയുടെ പ്രതിരൂപം
ലോക മുസ്ലിം ഉമ്മത്തിന്, വിശിഷ്യാ മുസ്ലിം സ്ത്രീകള്‍ക്ക് ഇസ്ലാമിക നിയമങ്ങളെ പഠിപ്പിച്ചു കൊടുക്കുക എന്ന പരമലക്ഷ്യത്തിന് നേതൃത്വം നല്‍കുകയായിരുന്നു ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ . സഹസ്രാബ്ദങ്ങള്‍ക്കപ്പുറം മുസ്ലിം ഉമ്മത്തിനെ വഴി നടത്തുന്നതില്‍ പ്രവാചക പത്‌നിമാരുടെ പങ്ക് പ്രശംസനീയമാണ്. റസൂല്‍ (സ്വ)അവസാനമായി വിവാഹം ചെയ്ത മഹതിയാണ് മൈമൂന ബിന്‍ത് ഹാരിസ്.
ഗോത്രങ്ങള്‍ക്കിടയില്‍ മതത്തെ പരിചയപ്പെടുത്തി പ്രബോധന മേഖല വിപുലമാക്കുന്നതില്‍ മഹതിയുടെ നിസ്വാര്‍ത്ഥ സേവനം വായിക്കപ്പെടേണ്ടതാണ്. ഖുര്‍ആന്‍ അവതരണ കാലത്തെ പുതിയ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കുറഞ്ഞ കാലയളവില്‍ ആണെങ്കിലും നബി പത്‌നി മൈമൂന(റ) അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിമകളെ മോചിപ്പിക്കലും കുടുംബബന്ധം ചേര്‍ക്കലും മഹതിയുടെ മികവുറ്റ വിശേഷണങ്ങളാണ്. ആയിഷ (റ)പറയുന്നു: 'തഖ് വയിലും കുടുംബ ബന്ധം പുലര്‍ത്തുന്നതിലും ഞങ്ങളെയെല്ലാം പിന്നിലാക്കിയിരുന്നു മൈമൂന' ബീവി ഒരിക്കലും വെറുതെ ഇരിക്കുന്നത് കാണുകയില്ല. വീട്ടുപണിയിലോ, സുന്നത്ത് നമസ്‌കാരങ്ങളിലോ
മറ്റെന്തെങ്കിലും ജോലികളിലോ വ്യാപൃതയായി മുഴുസമയവും ഈ മഹിളാരത്‌നം സമയത്തെ കാര്യക്ഷമമായി വിനിയോഗിച്ചിരുന്നു. ഹാരിസ് ബ്‌നു ഖുസ്‌നിയുടെയും ഹിന്ദ് ബിന്‍ത് ഔഫിന്റെയും പുത്രിയായ മഹതിയുടെ ആദ്യ ഭര്‍ത്താവ് സഖിഫ് ഗോത്രക്കാരനായ മസ്ഊദ് ബ്‌നു അംറ് ആയിരുന്നു. അദ്ദേഹം വിവാഹമോചനം ചെയ്തതാണെന്നും അകാലത്തില്‍ മൃതിയടഞ്ഞതാണെന്നും അഭിപ്രായമുണ്ട്. പിന്നീട് അബ്ദുറഹിം ബ്‌നു അബ്ദില്‍ ഉസ്സ എന്നവരെ വിവാഹം ചെയ്‌തെങ്കിലും അദ്ദേഹം കാലഗതി പ്രാപിച്ചതോടെ മഹതി വിധവയായി.
മൈമൂന(റ),അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്തലിബിന്റെ ഭാര്യ ഉമമ്മുല്‍ ഫള്ല്‍ (റ), ജഹ്ഫര്‍ ഇബ്‌നു അബീത്വാലിബിന്റെ പത്‌നി അസ്മാബിന്‍ത് ഉമൈസ് (റ), ഹംസത്തു ബ്‌നു അബ്ദുല്‍ മുത്തലിബിന്റെ പത്‌നി സല്‍മ ബിന്‍ത് ഉമൈസ് സത്യവിശ്വാസിനികളായ സഹോദരിമാര്‍ എന്ന് തിരുനബി വിളിച്ച മാതൃകാ വനിതകളാണിവര്‍.
പ്രവാചക പത്‌നിമാരില്‍ അവസാനമായി ആ പദവി ലഭിച്ചത് മഹതിക്കായിരുന്നു. മൈമൂന ബീവി ആഗ്രഹിച്ചു ലഭിച്ച പദവി ആയിരുന്നു അത്. ഭര്‍ത്താവിന്റെ മരണശേഷം നബി തങ്ങളുടെ ഇണയാകാന്‍ ആശിച്ചതിന്റെ പിന്നില്‍ ലൗകിക കാരണങ്ങള്‍ ഒട്ടുമില്ല. എന്നാല്‍ അലൗകിക കാരണങ്ങള്‍ അനവധിയാണ്. തിരുദൂതര്‍ക്ക് ഒരുപാട് ഭാര്യമാര്‍ ഉണ്ടെന്നും അവരുടെ ജീവിത സാഹചര്യം പട്ടിണിയും പരിവട്ടവും നിറഞ്ഞതാണെന്നും ദിനേനെ പുകയാത്ത അടുപ്പുകള്‍ ആണ് നബി പത്‌നിമാരുടെ വീടകങ്ങളിലെന്നും മഹതിക്ക് വ്യക്തമായിരുന്നു. എന്നിട്ടും, ആത്മീയത മാത്രം ലക്ഷ്യം വെച്ചുകൊണ്ട്, സമൂഹത്തിന്റെ ഉമ്മയാവുക എന്നുള്ള പദവി അറിയിക്കുകയും ബീവി തന്റെ ഭര്‍ത്താവ് അബ്ബാസ് (റ)നോട് വിഷയം അവതരിപ്പിക്കുകയും തുടര്‍ന്ന് അബ്ബാസ് (റ) മുന്‍കൈയെടുത്ത് വിവാഹത്തിന് നേതൃത്വം നല്‍കുകയും ആയിരുന്നു. ഹിജ്‌റ ഏഴാം വര്‍ഷം ഹുദൈബിയ സന്ധി പ്രകാരം മുസ്ലിമീങ്ങള്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി. അവിടെവെച്ചാണ് വിവാഹം നടക്കുന്നത്. 400ദിര്‍ഹം ആയിരുന്നു മഹര്‍. സുഹൈലി(റ)പറയുന്നു: 'മൈമൂന(റ) ഒട്ടകപ്പുറത്ത് സഞ്ചരിക്കുമ്പോഴാണ് തിരുനബി (സ്വ)യുടെ വിവാഹാന്വേഷണം അറിഞ്ഞത്. ' ഉടനെ അവര്‍ പറഞ്ഞു : 'ഒട്ടകവും ഒട്ടകപ്പുറത്തുള്ളവരും നബി(സ്വ)ക്കുള്ളതാണ്.
ഇതിനോടനുബന്ധിച്ചാണ് 'സത്യവിശ്വാസിനിയായ ഒരു സ്ത്രീ നബിക്ക് അവര്‍ സ്വയം സമര്‍പ്പിക്കുകയാണെങ്കില്‍ നബി അവളെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം ( വിവാഹം ചെയ്യാവുന്നതാണ് ഈ നിയമം) ഇത് താങ്കള്‍ക്ക് മാത്രമുള്ളതാകുന്നു. ഇതര സത്യവിശ്വാസികള്‍ക്ക് ഈ സവിശേഷതയില്ല. എന്ന ഖുര്‍ആനിക സൂക്തം അവതരിച്ചത്. പിന്നീട് മദീനയിലേക്ക് മടങ്ങുന്ന വഴി തന്‍ഈമിന് അടുത്തുള്ള സരിഫ് എന്ന പ്രദേശത്തുള്ള മരച്ചുവട്ടില്‍ വെച്ചാണ് തിരുദൂതരും മൈമൂന ബീവിയും തമ്മില്‍ കണ്ടുമുട്ടുന്നത്. അവിടെ വച്ചാണ് ആ മഹത് ദമ്പതിമാര്‍ മധുവിധു ആഘോഷിക്കുന്നത്.
മൈമൂന ബീവിയുടെ യഥാര്‍ത്ഥ നാമം ബര്‍റ എന്നായിരുന്നു.മക്കം ഫത്ഹിന്‍ വര്‍ഷം നടന്ന വിവാഹത്തിന് ശേഷം സരിഫില്‍ വച്ചാണ് 'അനുഗ്രഹീത' എന്ന് അര്‍ത്ഥം വരുന്ന 'മൈമൂന' എന്ന് തിരുനബി ബീവിക്ക് നാമകരണം ചെയ്യുന്നത്. ഈ വിവാഹത്തിന്റെ ഫലമായിക്കൊണ്ട് ഇസ്ലാമിന്റെ കഠിന ശത്രുക്കള്‍ ആയിരുന്ന ഖുറൈശികളുടെ ഇസ്ലാമിനോട് കടുത്ത വിരോധത്തില്‍ വന്നു. ഉമ്മുഹബീബയെ വിവാഹം ചെയ്തപ്പോള്‍ അബൂസുഫിയാന്റെ കുടുംബത്തിന്റെ ശത്രുത കുറഞ്ഞതുപോലെ ഇവിടെയും സംഭവിച്ചു. സഹോദരി പുത്രനായ ഖാലിദ് ബിന്‍ വലീദ് (റ) ഇസ്ലാം ആശ്ലേഷിച്ചത് ഈ തിരു ദാമ്പത്യജീവിതം പ്രാരംഭം കുറിച്ചതിന് ശേഷമാണ്. ഖുറൈശികളോട് വ്യക്തിപരമായി യാതൊരു വിരോധവും ഇല്ലെന്ന് ഖുറൈശി സ്ത്രീകളെ വിവാഹം കഴിക്കുന്നതിലൂടെ തെളിയിക്കുകയായിരുന്നു ഉമ്മുഹബീബ ബിന്‍ത് അബൂസുഫിയാനുമായുള്ള വിവാഹത്തിലൂടെ. അത്‌പോലെ, മൈമൂന ബീവിയുമായുള്ള വിവാഹത്തിലൂടെയും മക്കക്കാരുടെ വാശിയും വീറും കുറയാന്‍ കാരണമായി (4/9)
സ്വന്തം ജീവിതത്തിലൂടെ ശരീഅത്ത് നടപ്പിലാക്കി സമുദായത്തിന് മാതൃകയാവുകയായിരുന്നു ഹിലാല്‍ ഗോത്രക്കാരിയായ സയ്യിദത്ത് മൈമൂന ബിന്‍ത് ഹാരിസ്. അല്ലാഹു(സു) പറഞ്ഞു: '( നബിയെ) താങ്കള്‍ ഭാര്യമാരോട് പറയുക: നിങ്ങള്‍ ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍ വരിക. ഞാന്‍ നിങ്ങള്‍ക്ക് മുത്അത്ത് (വിമോചന വിഭവം) നല്‍കുകയും മാന്യമായ നിലയില്‍ ബന്ധം വിടര്‍ത്തി തരികയും നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരലോകത്തെയും ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും നിങ്ങളില്‍ പുണ്യവതികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കി വെച്ചിട്ടുണ്ട്. നബിയുടെ ഭാര്യമാരേ, നിങ്ങളില്‍ ആരെങ്കിലും ഒരു വ്യക്തമായ ദുര്‍വൃത്തി ചെയ്യുന്നവരായാല്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കപ്പെടുന്നതാണ്. അത് അല്ലാഹുവിന് വളരെ ലഘുവായ ഒരു കാര്യമാകുന്നു. ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവളുടെ പ്രതിഫലം ഇരട്ടിയായി നാം നല്‍കുന്നതാണ്. വളരെ മാന്യമായ ഉപജീവനം അവള്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളില്‍ പെട്ട ആരെ പോലെയും അല്ല, നിങ്ങള്‍ ഭയഭക്തി ( സൂക്ഷ്മത) കാണിക്കുന്ന പക്ഷം. അതുകൊണ്ട് നിങ്ങള്‍( അന്യ പുരുഷന്മാരുമായി സംസാരിക്കുമ്പോള്‍) സംസാരത്തില്‍(സൗമ്യത)കാണിക്കരുത്.കാരണം അപ്പോള്‍ ഹൃദയത്തിന് രോഗമുള്ളവന് മോഹം തോന്നിയേക്കും. നിങ്ങള്‍( അവരോട്) മര്യാദയുള്ള വാക്ക് പറഞ്ഞേക്കുക. സ്വഗൃഹങ്ങളില്‍ നിങ്ങള്‍ അടങ്ങിയിരിക്കുക. പഴയ അജ്ഞാത കാലത്തെ സൗന്ദര്യ പ്രദര്‍ശനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത്. നിങ്ങള്‍ നമസ്‌കകാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്ത് കൊടുക്കുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നബിയുടെവീട്ടുകാരേ, നിങ്ങളില്‍ നിന്നും മാലിന്യം നീക്കി കളയുവാനും നിങ്ങളെ നല്ലവണ്ണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വീടുകളില്‍ ഓതപ്പെടുന്ന അല്ലാഹുവിന്റെ വാക്യങ്ങളെയും വിജ്ഞാനങ്ങളെയും നിങ്ങള്‍ ഓര്‍ക്കുക. (അസ്ഹാബ്28/34)
സല്‍സ്വഭാവിയും ബുദ്ധിമതിയും കുലീനയും ആയ ബീവി പ്രസ്തുത ഖുര്‍ആനിക വചനം അക്ഷരംപ്രതി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വിശ്വ ലോകത്തിന്റെ ഉത്തമ മാതൃകാ വനിതയാണ്. ഇസ്ലാമിലെ മാതൃക വനിതകളില്‍ ബീവി മുന്‍നിരയിലുണ്ട് എന്നത് അവരുടെ മഹത്വം വിളിച്ചോതുന്നു. ഒരിക്കല്‍ ഇബ്‌നു അബ്ബാസിന്റെ വീട്ടില്‍ മൈമൂന ബീവിയുടെ വേലക്കാരി പോയപ്പോള്‍ ഇബ് അബ്ബാസിന്റെയും(റ) ഭാര്യ ഉമ്മു അമ്മാറയുടെയും(റ) വിരിപ്പുകള്‍ വേറെ വേറെ വിരിച്ചതായി കണ്ടു. ഭാര്യ ഭര്‍ത്താക്കന്മാര്‍ പിണക്കത്തിലാണെന്ന് വേലക്കാരി ധരിച്ചു. അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ആര്‍ത്തവകാലത്ത് ഇബ്‌നു അബ്ബാസ് ഭാര്യയുടെ വിരിപ്പില്‍ ശയിക്കാറില്ല. വേലക്കാരി തിരിച്ചു വന്നപ്പോള്‍ മൈമൂന ബീവിയോട് സംഭവം പറഞ്ഞു. ബീവി ഉടനെ വേലക്കാരിയെ ഇബ്‌നു അബ്ബാസിന്റെ അടുക്കലേക്ക് അയച്ചു:' ആര്‍ത്തവ കാലത്തും നബി (സ) ഞങ്ങളുടെ വിരിപ്പില്‍ ശയിക്കുക പതിവാണ്. ഇബ്‌നു അബ്ബാസിന്റെ സമ്പ്രദായം അതിനെതിരാണ്. 'എന്ന് പറയാന്‍ ഏല്പിച്ചു.
മറ്റൊരു സന്ദര്‍ഭത്തില്‍ ചരിത്രം ഇങ്ങനെ പറഞ്ഞു വെക്കുന്നുണ്ട്. ഇബ്‌നു അബ്ബാസ് മൈമൂന ബീവിയെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ തലമുടി ചിതറി പാറുകയായിരുന്നു. 'ഇതെന്തേ ഇങ്ങനെ?' എന്ന് മഹതി ആരാഞ്ഞപ്പോള്‍ ബഹുമാനപ്പെട്ട ഇബ്‌നു അബ്ബാസ് മറുപടി പറയുന്നുണ്ട് :' എന്റെ തലമുടി എണ്ണയിട്ട് ചീകുന്നത് ഭാര്യയാണ്. ഭാര്യ എപ്പോള്‍ ഋതുമതി ആയതുകൊണ്ട് മുടി ചീകാറില്ല. ' മൈമൂന ബീവി ഈ തെറ്റിദ്ധാരണ മാറ്റി കൊടുത്തു കൊണ്ട് പറഞ്ഞു :' ഞങ്ങള്‍ ഋതുമതികള്‍ ആയിരിക്കെ തന്നെ റസൂല്‍ ഞങ്ങളുടെ മടിയില്‍ തല വെച്ച് കിടക്കുകയും ഈ കിടപ്പില്‍ ഖുര്‍ആന്‍ ഓതുകയുംചെയ്യാറുണ്ട്. മുടി ചീകി കൊണ്ട് എന്താണ് ദോഷം? കയ്യില്‍ അല്ലല്ലോ ആര്‍ത്തവം.' സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പര്യായമായിരുന്ന മഹതി ശരീഅത്തിനെ മുറുകെ പിടിച്ചു കൊണ്ട് ദാനധര്‍മ്മങ്ങള്‍ ചര്യയാക്കിയതിനാല്‍ അവരുടെ സല്‍കര്‍മ്മത്തെ തിരുനബി പുകഴ്ത്തുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
മഹതിയുടെ ജീവിതം വിശകലനം ചെയ്യുമ്പോള്‍, അപഗ്രഥിക്കപ്പെടേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഹ്രസ്വമായ കാലയളവ് അന്ത്യപ്രവാചകരോടൊപ്പം (സ്വ) സഹവസിച്ച സഹധര്‍മ്മിണിയാണ് മൈമൂന ബിന്‍ത് ഹാരിസ്(റ). പൊതുവേ സ്ത്രീകളില്‍ വിശാലമനസ്‌കത പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യനെ കുറവ് ആണ് എന്നതാണ് മനശാസ്ത്ര പഠനം തെളിയിക്കുന്നത്. പ്രത്യേകിച്ച് വൈവാഹിക ജീവിതത്തില്‍ പ്രസ്തുത സ്‌ത്രൈണ മനോഭാവം വലിയ കടമ്പയാണ്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെ തന്നെയാണ് മഹതിയുടെ വിശാല മനസ്‌കത സ്മരിക്കപ്പെടേണ്ടത്. തിരുദൂതര്‍ (സ്വ)രോഗബാധിതനാകുന്നത് മൈമൂന ബീവിയുടെ വീട്ടില്‍ വച്ചാണ്. പ്രവാചകരുടെ ഇംഗിതം മനസ്സിലാക്കിയ ആയിഷ ബിന്‍ത് അബൂബക്കറിൻറെ (റ)വസതിയിലേക്ക് താമസം മാറാന്‍ മഹതി മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. തന്‍ പാതിയുടെ അന്ത്യനിമിഷത്തില്‍ അവരോടൊത്ത് സമയം ചിലവഴിക്കാന്‍, അവര്‍ക്ക് സേവനം ചെയ്യാന്‍ ഏത് ഇണയാണ് ആഗ്രഹിക്കാത്തത്. പക്ഷെ, ബുദ്ധിമതിയായ മഹതി ഇവിടെ പക്വതയോടെ പ്രവര്‍ത്തിച്ചു. മുഹമ്മദ് നബി (സ്വ) യോടൊത്തുള്ള കുറഞ്ഞ കാലയളവ് കൊണ്ട് മഹതി കേട്ടതും കണ്ടതുമായ 46 ഹദീസുകള്‍ സ്വിഹാഹുസിത്തയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 76 ഹദീസുകള്‍ ആണ് മഹതി റിപ്പോര്‍ട്ട് ചെയ്തതെന്നും അഭിപ്രായം ഉണ്ട്. യസീദ് ബ്‌നു മുആവിയയുടെ ഭരണകാലം. മഹതിയുടെ അന്ത്യ നിമിഷങ്ങള്‍ അത്യന്താപേക്ഷിതമായിട്ടും വിസ്മരിക്കപ്പെടേണ്ടതാണ്.
മഹതി രോഗശയ്യയില്‍ ആകുമ്പോള്‍ മക്കയിലായിരുന്നു. അപ്പോൾ മഹതി പറയുന്നു: 'എന്നെ മക്കയില്‍ നിന്ന് കൊണ്ടുപോകൂ, ഞാന്‍ മക്കയില്‍ വെച്ച് വഫാത്താകില്ലെന്ന് നബി തങ്ങള്‍ എന്നോട് പറഞ്ഞിരിക്കുന്നു.' അങ്ങനെ മക്കയില്‍ നിന്നും മദീനയിലേക്ക് മടങ്ങുന്ന വഴി തന്‍ഈമിനടുത്തുള്ള സരിഫ് എന്ന പ്രദേശത്ത് നബി തിരുമേനിയും (സ്വ) മൈമൂന ബീവിയും മധുവിധു ആഘോഷിച്ച സരിഫിന്റെ മണ്ണിലെ അതേ മരത്തിനു ചുവട്ടില്‍ വെച്ച് ഹിജ്‌റ 51 ല്‍ മഹതിയുടെ എണ്‍പതാം വയസ്സില്‍ ആ വിശ്വ മഹിള ഇഹാലോകവാസം വെടിഞ്ഞു. സഹോദരി പുത്രന്‍ ഇബ്‌നു അബ്ബാസ് (റ) ആണ് ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മൈമൂന ബിന്‍ത് ഹാരിസ് എന്ന സ്‌ത്രൈണതയുടെ പര്യായപദത്തിന്റെ ജീവിത ജൈത്രയാത്ര സ്പഷ്ട്ടമായി സമുദായത്തോട് പറയുന്നത്, അവരെ പോലെ വിശാലമനസ്‌കതയും അനുകമ്പയും അനുസരണയും ധര്‍മ്മിഷ്ഠയും ആയിട്ടുള്ള മറ്റൊരാളില്ല എന്നതാണ്.
നഹ്ജ മുടിക്കോട്
കെബിബി ഇസ്ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജ് ഫോര്‍ ഗേള്‍സ്, വെള്ളറക്കാട്, തൃശ്ശൂര്‍
ജ്ഞാന തീരം മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."