വാഴച്ചാല്‍-പുകലപ്പാറ കോളനികള്‍ ലഹരി വിമുക്തമാക്കും: ജില്ലാ കലക്ടര്‍
തൃശൂര്‍: വാഴച്ചാല്‍-പുകലപ്പാറ കോളനികള്‍ ദത്തെടുത്ത് ലഹരി വിമുക്ത മാതൃകാ കോളനിയാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന് അറിയിച്ചു. ജില്ലാതല ജനകീയ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍.
വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യത്തോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ലഹരി വിമുക്ത കേന്ദ്രം ആരംഭിക്കുന്നതിന് രൂപരേഖ തയാറാക്കാന്‍ കലക്ടര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്കി. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി പ്രവര്‍ത്തിക്കുക. മലക്കപ്പാറ ട്രൈബല്‍ ഒ.പി ക്ലിനിക്കില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടിടത്തെല്ലാം ഉടന്‍ സ്ഥാപിക്കാന്‍ കലക്ടര്‍ ജില്ലാ ഓഫിസര്‍മാരോട് നിര്‍ദേശിച്ചു. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പെരുമ്പിള്ളിശ്ശേരിയിലെ ബവ്കോ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കാനും കോര്‍പറേഷനോട് യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ സ്കൂള്‍ മാനേജര്‍മാരുടെയും ഹോസ്റ്റല്‍ വാര്ഡന്മാരുടെയും യോഗം വിളിക്കാനും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ ജില്ലാ ജനകീയ സമിതിയില്‍ ഉള്‍പ്പെടുത്താനും കലക്ടര്‍ നിര്‍ദേശിച്ചു.
സമിതി അംഗങ്ങളായ കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സെക്രട്ടറി ജെയിംസ് മട്ടിക്കല്‍, കെ.എസ്.എച്ച്.ആര്.പി.സി ജില്ലാ സെക്രട്ടറി രവി പനക്കല്‍, മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.എസ് സാജന്, ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍, വില്‍സണ്‍ പണ്ടാരവളപ്പില്‍, എം.ഡി ഗ്രേസ്, കെ.സി കാര്ത്തികേയന്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.എസ് സലിംകുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ സി ജയന്തിവാസന്‍, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സി.എഫ് ദിലിപ്, എക്സൈസ്-ഫോറസ്റ്റ്-പൊലിസ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."