മുണ്ടക്കൈ ദുരന്തം: പ്രധാനമന്ത്രി വന്നതിന് ചെലവ് 40 ലക്ഷം; കേന്ദ്രസഹായം ഇനിയും കിട്ടിയില്ല
കൊച്ചി: വയനാട് ദുരന്തത്തിൽ കേന്ദ്രത്തിൽനിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് സർക്കാരിന് ചെലവായത് 40 ലക്ഷം രൂപ. ഓഗസ്റ്റ് പത്തിനാണ് പ്രധാനമന്ത്രി മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ മോദി നാശംവിതച്ച മേഖലകളും ദുരന്തബാധിതരെയും സന്ദർശിച്ചിരുന്നു.
നാശനഷ്ടങ്ങളുടെ കണക്കുസഹിതം വിശദ വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. വ്യക്തമായ വിവരങ്ങൾ നൽകിയിട്ടും കേന്ദ്രസർക്കാർ ധനസഹായം നൽകിയിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.കേന്ദ്ര ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പ്രത്യേക ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ലഭിച്ച മറുപടിയിലുള്ളത്.
എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് (ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്) 40 ലക്ഷം രൂപ വിനോദ സഞ്ചാരവകുപ്പ് ഡയരക്ടർക്ക് അനുവദിച്ചിട്ടുണ്ടെന്ന് രാജു വാഴക്കാലയുടെ അപേക്ഷയ്ക്ക് അധികൃതർ മറുപടി നൽകി. അതേസമയം, 2024-2025 വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ ഒന്നാം ഗഡുവിൽ കേന്ദ്രവിഹിതമായ 145.60 കോടി രൂപ ജൂലൈ 31ന് അനുവദിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.
സന്ദർശനവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരവകുപ്പിന് ചെലവായ തുകയുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായത്. ആകെ എത്ര രൂപ ചെലവായി എന്നതിനെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."