പൈപ്പ് ലൈനിലെ ചോര്‍ച്ച അടക്കല്‍ ആരംഭിച്ചു; പംപിങ് ഇന്ന് പുനഃസ്ഥാപിക്കും
മാവൂര്‍: നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനില്‍ കണ്ടെത്തിയ ചോര്‍ച്ച ഇന്ന് അടക്കും. ഇതോടെ നിര്‍ത്തിവച്ച പംപിങ് ഇന്നു വൈകുന്നേരത്തോടെ പുനസ്ഥാപിച്ചേക്കും. വാട്ടര്‍ അതോറിറ്റിയുടെ കൂളിമാട് പംപിങ് സ്റ്റേഷനില്‍നിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് സ്ഥാപിച്ച ഹൈഡെന്‍സിറ്റി പോളിഎത്ത്ലിന് പൈപ്പാണ് തെങ്ങിലക്കടവില്‍ ചെറുപുഴക്കുനടുവില് പൊട്ടിയത്.
കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടയിലാണ് പുഴക്കുമധ്യത്തില്സ്ഥാപിച്ച പൈപ്പ് പൊട്ടിയത് ശ്രദ്ധയില്‍പെട്ടത്. സ്റ്റേജ് രണ്ടിലെ 18 ദശലക്ഷം ലിറ്റര്‍ പ്ലാന്റില്‍ നി ന്നുള്ള പൈപ്പാണ് പൊട്ടിയത്.
150 കുതിരശക്തിയുള്ള രണ്ടുമോട്ടോറുകള് ഉപയോഗിച്ചാണ് ഇതുവഴി പമ്പിങ് നടത്തിയിരുന്നത്. സ്റ്റേജ് രണ്ടിലെ പമ്പിങ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. പുഴയ്ക്കിടയിലെ പൈപ്പിന്റെ ചോര്‍ച്ച തടയുന്ന ജോലി അതീവ ദുഷ്കരമാണെങ്കിലും ചെന്നെയില്‍നിന്ന് കൊണ്ടുവന്ന പ്രത്യേകതരം ക്ലാമ്പ് ഉപയോഗിച്ച് ചോര്‍ച്ച അടച്ച് ഇന്ന് വൈകുന്നേരത്തോടെ പമ്പിങ് പൂര്‍ണ്ണമായും പുനസ്ഥാപിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജിതേഷ്, ഓവര്‍സിയര്‍മാരായ പി.പി മുഹമ്മദ്, ഉസ്മാന് എന്നിവര്‍ നേതൃത്വം നല്കിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."