പൊതുമാപ്പ് ഇന്നു മുതല്‍; മൂന്നു ദിവസത്തിനകം ഔട്ട്പാസ് കിട്ടും
ദോഹ: രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് നിയമവിധേയമായി നാടു വിടുന്നതിന് അവസരമൊരുക്കുന്ന മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവിന് ഇന്ന് തുടക്കം. ഡിസംബര്‍ ഒന്നിനാണ് കാലാവധി അവസാനിക്കുന്നത്.
നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന അനധികൃത താമസക്കാര്‍ക്ക് അനുമതി പത്രം ലഭ്യമാക്കുന്നതിന് സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
രേഖകള്‍ സമര്‍പ്പിച്ചാല്‍ മൂന്നു ദിവസത്തിനകം രാജ്യം വിടാനുള്ള അവസരമൊരുങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൊതുമാപ്പ് സംബന്ധിച്ച് രാജ്യത്താകെ വ്യാപക പ്രചരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്.
പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്കു മടങ്ങാനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്കില്‍ പുറത്തുവിട്ടു.
സാധുതയുള്ള പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ എംബസിയില്‍ നിന്ന് ലഭിച്ച യാത്രാ രേഖ, ഓപ്പണ്‍ എയര്‍ ടിക്കറ്റ് (അപേക്ഷിച്ച തിയ്യതി മുതല്‍ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് ശേഷമുള്ള ദിവസത്തേയ്ക്ക് ബുക്ക് ചെയ്തതായിരിക്കണം ടിക്കറ്റ്), ഐഡി കാര്‍ഡ് അല്ലെങ്കില്‍ വിസ കോപ്പി എന്നിവയാണ് സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റില്‍ ഹാജരാക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
വിസ കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങിയതിന് നിശ്ചിത പിഴ അടയ്ക്കുന്നവര്‍ക്ക് മറ്റൊരു വിസയില്‍ ഖത്തറിലെത്തുന്നതിന നിയമതടസങ്ങള്‍ ഉണ്ടാവില്ലെന്നാണ് അറിയുന്നത്. ഡിസംബര്‍ 13ഓടെ രാജ്യത്ത് നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായവും എക്‌സിറ്റ് പെര്‍മിറ്റ് സമ്പ്രദായവും അവസാനിക്കുകയാണ്. തൊഴിലുടമ- തൊഴാലിളി കരാറിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണമായി പരിഷ്‌കരിച്ച താമസാനുമതി-തൊഴിലനുമതി സമ്പ്രദായം ഡിസംബര്‍ 14 മുതല്‍ ഖത്തറില്‍ നിലവില്‍ വരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട പൊതുമാപ്പ് അനധികൃതമായി രാജ്യത്തു തങ്ങുന്ന പ്രവാസികള്‍ക്ക് ലഭിക്കുന്ന അവസാനത്തെ അവസരമായിരിക്കുമെന്നാണ് കരുതുന്നത്.
പിഴയോ ശിക്ഷയോ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ ലഭിക്കുന്ന ഈ അവസരം ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. 6000 മുതല്‍ 8000 വരെ ഇന്ത്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പ്രവാസി സംഘടനകളുടെ യോഗത്തില്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."