ബലി, ആത്മ സമര്‍പണത്തിന്റെ ഇബ്‌റാഹീമി മാതൃക
അല്ലാഹുവിന്റെ പരിശുദ്ധ സത്ത നിര്‍വചനങ്ങള്‍ക്ക് അതീതമാണ്. അവന് രൂപമോ വര്‍ണമോ ഇല്ല. പ്രതീകവും പ്രതിഛായയും അപ്രകാരം തന്നെ. ബാഹ്യ ഇന്ദ്രിയങ്ങള്‍ക്ക് അവന്‍ അപ്രാപ്യനാണ്. ഇതിനര്‍ഥം അവന്‍ സൃഷ്ടികളില്‍നിന്ന് അകന്ന് നില്‍ക്കുന്നു എന്നല്ല, പ്രത്യുത അവന്‍ അടിമയുടെ സമീപത്തു തന്നെയുണ്ട്. ''കണ്ഠനാഡിയേക്കാള്‍ അവനുമായി സമീപസ്ഥനാണു നാം'' (50:16). ''എന്റെ അടിമ അങ്ങയോട് എന്നെ പറ്റി ചോദിച്ചാല്‍; ഞാന്‍ സമീപസ്ഥനാണെന്ന് മറുപടി നല്‍കുക.'' സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം മേല്‍ ഖുര്‍ആന്‍ സൂക്തങ്ങളില്‍നിന്ന് ഗ്രഹിക്കാം. അല്ലാഹുവിന്റെ ഈ സാമീപ്യം അതീന്ദ്രിയമായ അനുഭവങ്ങളിലൂടെയാണ് അടിമകള്‍ തിരിച്ചറിയുന്നത്.
പ്രതിമകളില്‍ പ്രതിബിംബിക്കാത്ത അവനെ പ്രാപിക്കാന്‍ അവന് ചില അടയാളങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അവകളെയാണ് 'ശആഇറുല്ലാഹ്' എന്ന സംജ്ഞയിലൂടെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ''ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍, അത് ഹൃദയഭക്തിയില്‍നിന്നുണ്ടാകുന്നതാണ്.'' (22:32)
കഅ്ബ, ഹജറുല്‍ അസ്‌വദ്, അറഫ, മിന, മുസ്ദലിഫ, സ്വഫ, മര്‍വ തുടങ്ങിയവ അല്ലാഹുവിന്റെ ശിആറുകളില്‍ ചിലതാണ്. ഹജ്ജ് വേളയില്‍ ഇവിടങ്ങളില്‍ സമ്മേളിക്കുന്ന വിശ്വാസികള്‍ അനുഭവിക്കുന്ന ആത്മ നിര്‍വൃതി അവാച്യമാണ്. ഹജ്ജിന് എത്തിപ്പെടാന്‍ കഴിയാത്ത വിശ്വാസികളാകട്ടെ ഈ ആത്മസായൂജ്യം കണ്ടെത്തുന്നത് ബലിയിലാണ്.
ബലിമൃഗം അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ബലിയൊട്ടകങ്ങളെ നിങ്ങള്‍ക്കു നാം അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിത്തന്നിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതിനാല്‍ അണിയൊപ്പിച്ചു നിര്‍ത്തി അല്ലാഹുവിന്റെ പേര് മൊഴിഞ്ഞ് അവയെ ബലിയര്‍പ്പിക്കുക. അങ്ങനെ അവ നിലംപതിച്ച് ജീവന്‍ വെടിഞ്ഞാല്‍ അതില്‍നിന്ന് ഭക്ഷിക്കുകയും യാചിക്കാതെ സ്വയം പര്യാപ്തനാക്കുന്നവനും യാചിക്കുന്നവരുമായ സാധുക്കള്‍ക്ക് ഭക്ഷിപ്പിക്കുക. അവയെ ഇങ്ങനെ കീഴ്‌പ്പെടുത്തിതന്നിരിക്കുന്നത് നിങ്ങള്‍ നന്ദി പ്രകാശിപ്പിക്കുന്നവരാകാന്‍ വേണ്ടിയാണ്. (2236).
ഇസ്‌ലാമില്‍ മാത്രമല്ല, വിവിധ മതങ്ങളിലും ദര്‍ശനങ്ങളിലും നാഗരിക സമൂഹങ്ങളിലും ബലികര്‍മം നിലനിന്നിരുന്നു. ഇന്നും പല മതങ്ങളുടെയും അധ്യാത്മിക ചടങ്ങുകളില്‍ ബലി പ്രധാനമാണ്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഇസ്‌ലാമിലെ ബലികര്‍മം. മില്ലത്ത് ഇബ്‌റാഹീമില്‍നിന്ന് സാംശീകരിക്കപ്പെട്ടതാണ് ബലി എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രാധാന്യം. തിക്തമായ പരീക്ഷണങ്ങളില്‍നിന്ന് അതിജീവനത്തിന്റെ കരുത്തുകൊണ്ട് ഇബ്‌റാഹീം(അ) രൂപപ്പെടുത്തിയതാണല്ലോ മില്ലത്ത് ഇബ്‌റാഹീം. സത്യത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി നംറൂദിന്റെ തീച്ചൂള അദ്ദേഹം ഏറ്റുവാങ്ങി. കുടുംബത്തില്‍നിന്ന് ബഹിഷ്‌കരിക്കപ്പെട്ടു.
ജന്മനാടിനെ ത്യജിക്കേണ്ടിവന്നു. ഹാറാന്‍, ഫലസ്തീന്‍, ഈജിപ്ത് തുടങ്ങിയ പല നാടുകളിലും അഭയാര്‍ഥി ജീവിതം നയിക്കേണ്ടിവന്നു. അല്ലാഹുവിന്റെ ആജ്ഞപ്രകാരം ഭാര്യ ഹാജറ(റ)യെയും കൈക്കുഞ്ഞിനെയും നിര്‍ജനവും നിര്‍ജലവുമായ മക്കയില്‍ അതിവസിപ്പിക്കേണ്ടി വന്നു. ആ പരീക്ഷണങ്ങളുടെയെല്ലാം പതിന്മടങ്ങ് തിക്തമായിരുന്നു മകനെ ബലിയര്‍പ്പിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന. ദൈവഹിതത്തിനുമുമ്പില്‍ ഇബ്‌റാഹീമി(അ)ന്റെ പുത്രവാത്സല്യം പരാജയപ്പെട്ടു. പുത്രനെ ബലിയറുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ഇബ്‌റാഹീമി(അ)ന്റെ നിശ്ചയദാര്‍ഢ്യത്തെ ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: 'ആ കുട്ടി അദ്ദേഹത്തോടൊപ്പം കര്‍മനിരതനാകാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ പ്രിയമോനേ, നിന്നെ അറുക്കണമെന്ന് എനിക്ക് സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. നിന്റെ നിലപാടെന്താണ്? കുട്ടി പറഞ്ഞു: പിതാവേ, കല്‍പിക്കപ്പെട്ടത് അങ്ങ് നിറവേറ്റുക.
അല്ലാഹുവിന്റെ വേണ്ടുകയുണ്ടെങ്കില്‍ ക്ഷമാശീലരില്‍ നിങ്ങള്‍ക്കെന്നെ കാണാം. അങ്ങനെ അവര്‍ ഇരുവരും കല്‍പനക്ക് വഴങ്ങി. അദ്ദേഹം അവനെ കമിഴ്ത്തി കിടത്തി. അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു. ഇബ്‌റാഹീമേ, നിശ്ചയം താങ്കള്‍ സ്വപ്നത്തെ സാക്ഷാത്കരിച്ചിരിക്കുന്നു. അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണമായിരുന്നു. ബലി നല്‍കാനായി അവനുപകരം നാം മഹത്തായ ഒരു മൃഗത്തെ നല്‍കി. പില്‍കാലക്കാരില്‍ അദ്ദേഹത്തിന്റെ സല്‍പേര് നിലനിര്‍ത്തുകയും ചെയ്തു. (37:102-108).
സൈദുബ്‌നു അര്‍ഖമില്‍നിന്ന് നിവേദനം: സ്വഹാബികള്‍ നബി(സ്വ)യോട് ചോദിച്ചു: 'എന്താണ് ബലി മൃഗങ്ങള്‍?' നബി(സ്വ) പറഞ്ഞു: 'അത് നിങ്ങളുടെ പിതാവ് ഇബ്‌റാഹീമി(അ)ന്റെ ചര്യയാകുന്നു.' അവര്‍ ചോദിച്ചു: ഞങ്ങള്‍ക്കെന്താണതില്‍ നേട്ടം?' നബി(സ്വ) പറഞ്ഞു: 'അവകളുടെ രോമങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. (ഹാകിം).
ഇസ്‌ലാമിലെ ബലികര്‍മത്തെ വേറിട്ട് നിര്‍ത്തുന്ന മറ്റൊരു ഘടകമാണ് അതിലെ ആത്മീയ ചൈതന്യം. ജാഹിലിയ്യ അറബികള്‍ കഅ്ബയുടെ ഭിത്തികളില്‍ ബലിമൃഗത്തിന്റെ രക്തവും മാംസവും അഭിഷേകം ചെയ്തിരുന്നു.
നമുക്കും അതായിക്കൂടെ? എന്നൊരിക്കല്‍ സ്വഹാബികള്‍ നബി(സ്വ)യോട് ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോഴാണ് ഖുര്‍ആനിലെ ഈ സൂക്തം അവതീര്‍ണമായത്: ''ബലിമൃഗത്തിന്റെ രക്തവും മാംസവും അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവില്‍ എത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ്.'' (2:237).
ബലിയുടെയും അല്ലാഹുവിലുള്ള തന്റെ സമര്‍പണ ബോധമാണ് വിശ്വാസിയുടെ അകതാരില്‍നിന്ന് ബലിയിലൂടെ നിര്‍ഗളിക്കുന്നത്. ആ ആത്മ സമര്‍പണത്തോടെ അവന്റെ ഹൃദയം വിമലീകരിക്കപ്പെടുന്നു. ആത്മശാന്തി കൈവരിക്കുകയും ചെയ്യുന്നു. ആഇശ(റ)യില്‍നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു- ''ബലിപെരുന്നാള്‍ ദിനത്തില്‍ മനുഷ്യന്‍ ചെയ്യുന്ന, അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കൃത്യം രക്തമൊലിപ്പിക്കലാണ്. അന്ത്യനാളില്‍ ബലിമൃഗം അതിന്റെ കൊമ്പ്, കുളമ്പ്, രോമങ്ങള്‍ എന്നിവയുമായി പ്രത്യക്ഷപ്പെടും. അതിന്റെ രക്തം ഭൂമിയില്‍ പതിക്കുംമുമ്പ് അല്ലാഹുവില്‍നിന്നുള്ള ഉന്നത സ്ഥാനത്തെത്തും. ബലിമൃഗംകൊണ്ട് നിങ്ങള്‍ ആ സന്തോഷം നേടുക.' (ഇബ്‌നുമാജ).
ബലിക്കളം ദോഷമുക്തിയുടെ ഇടമാണെന്ന് മറ്റൊരിക്കല്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഫാത്വിമ(റ)യോട് നബി(സ്വ) ഇപ്രകാരം കല്‍പിച്ചു: ''ബലികര്‍മനേരത്ത് നിന്റെ ബലിമൃഗത്തിനടുത്ത് നീ ഹാജരാവുക. അതിന്റെ രക്തത്തില്‍നിന്ന് ആദ്യം ഉറ്റിവീഴുന്ന രക്തത്തുള്ളിയോടെ നിന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും'' (ബസ്സാര്‍). ''മനഃസംതൃപ്തിയോടെ പ്രതിഫലം പ്രതീക്ഷിച്ച് ബലിനിര്‍വഹിച്ചവന്റെയും നരകത്തിന്റെയും ഇടയിലെ മറയാണ് ബലിമൃഗമെന്ന്'' (ത്വബ്‌റാനി) നബി(സ്വ) മറ്റൊരിക്കല്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
ബലിമൃഗം അല്ലാഹുവിന്റെ അടയാളമാണെന്നും അതിനെ ആദരിക്കണമെന്നും ഭക്തിയുടെ പ്രതിഫലനമാണെന്നും മേല്‍ വിവരണങ്ങളില്‍നിന്ന് നാം ഗ്രഹിച്ചു. ബലിമൃഗങ്ങള്‍ തടിച്ചുകൊഴുത്തതായിരിക്കുക, കൊമ്പില്ലാത്തതോ കൊമ്പ് പൊട്ടിയതോ ആകാതിരിക്കുക, പെരുന്നാള്‍ നിസ്‌കാര ശേഷം മാത്രം ബലികര്‍മം നടത്തുക, അറവ് നിര്‍വഹിക്കുന്നവന്‍ മുസ്‌ലിമാകുക, ബലി പകല്‍ സമയത്താവുക, മൃദുലമായ പ്രതലത്തില്‍ വച്ച് അറവ് നടത്തുക, ബലിമൃഗത്തെ ഖിബ്‌ലയുടെ ദിശയിലേക്ക് തിരിക്കുക, അറവ് നടത്തുന്നവര്‍ ഖിബ്‌ലയിലേക്ക് തിരിയുക, അല്ലാഹുവിന്റെ നാമത്തില്‍ നബി(സ്വ)യുടെ സ്വലാത്തും സലാമും ചൊല്ലി 'അല്ലാഹുമ്മ ഹാദാ മിന്‍ക വ ഇലൈക്ക ഫ തഖബ്ബല്‍ മിന്നീ' (അല്ലാഹുവേ, ഇത് നിന്നില്‍നിന്നാണ് നിന്നിലേക്കുമാണ് എന്നില്‍ നിന്ന് നീ സ്വീകരിക്കേണമേ) എന്ന പ്രാര്‍ഥനയോടെ അറവ് നടത്തുക (ഇആനത്ത് 2:523) ഇപ്രകാരമാണ് ബലിമൃഗത്തെ ആദരിച്ച് ഭക്തരാകേണ്ടതെന്നാണ് പണ്ഡിത വിശകലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."