ഗാന്ധി വധം: നിലപാടില്‍ ഉറച്ച് രാഹുല്‍; വിചാരണ നേരിടാനും തയാര്‍
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ ആര്.എസ്.എസിനുപങ്കുണ്ടെന്ന തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതിന്റെ പേരില്‍ വിചാരണ നേരിടാന്‍ തയാറാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ വ്യക്തമാക്കി. ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്.എഫ് നരിമാന് എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പാകെ രാഹുലിനുവേണ്ടി ഹാജരായ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയോടെ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ അനുരഞ്ജന നിലപാടാണ് ഹരജിക്കാരനായ ആര്.എസ്.എസ് പ്രവര്ത്തകന് രാജേഷ് സ്വീകരിച്ചത്. ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ ആര്.എസ്.എസിനു പങ്കില്ലെന്ന് രാഹുല്‍ പരസ്യമായി പറയുകയാണെങ്കില്‍ അദ്ദേഹത്തിനെതിരായ അപകീര്‍ത്തിക്കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് ഹരജിക്കാരന് കോടതിയെ അറിയിച്ചു. എന്നാല്‍ ആര്.എസ്.എസിന്റെ ആവശ്യം നിരസിച്ച രാഹുല്‍ ഗാന്ധി, തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജി പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, വിചാരണക്കോടതിയില്‍ നേരിട്ടു ഹാജരാവുന്നില് നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യം സുപ്രിംകോടതി പരിഗണിച്ചില്ല. വേണമെങ്കില്‍ ഇക്കാര്യം വിചാരണക്കോടതിയില്‍ ബോധിപ്പിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് അറിയിച്ചതിനാല്‍ മഹാരാഷ്ട്രയിലെ ഭീവണ്ടി വിചാരണക്കോടതിയില്‍ നടക്കുന്ന കേസില്‍ രാഹുല്‍ വിചാരണ നേരിടേണ്ടിവരും. വിചരണയ്ക്കിടെ യാതൊരു മുന്‍വിധികളും പാടില്ലെന്ന് വിചാരണക്കോടതിക്ക് സുപ്രിംകോടതി പ്രത്യേക നിര്‍ദേശവും നല്കി.
ആര്.എസ്.എസുമായി ബന്ധമുള്ള വ്യക്തികളാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്നും ഒരു സംഘടന എന്ന നിലയില്‍ ആര്.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു. കേസിലെ രാഹുലിന്റെ നിലപാട് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ഇന്നലെ രാഹുല്‍ നിലപാട് കടുപ്പിച്ച് വിചാരണ നേരിടാന്‍ തയാറാണെന്ന് അറിയിച്ചത്. 2014 മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ താനെയില്‍ ലോക്സഭാ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവെയാണ് ആര്.എസ്.എസാണ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ പ്രസംഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."