വിലക്കുറവുമായി സപ്ലൈകോ ഓണച്ചന്തക്ക് തുടക്കം
കോഴിക്കോട്: വിലക്കുറവുമായി സപ്ലൈകോ ഓണംച്ചന്തക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. പൊതുവിപണിയില്‍നിന്നു വലിയ വിലക്കുറവിലാണ് സപ്ലൈകോ അവശ്യസാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.
മുഴുവന്‍ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും മിതമായ വിലയ്ക്ക് ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ആരംഭിച്ച കോഴിക്കോട് ജില്ലാ ഓണം-ബക്രീദ് ഫെയറിലാണു വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുന്നത്. സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണു വിതരണം ചെയ്യുക.അരി, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു പുറമേ കുത്തന്‍പുള്ളി ബെഡ്ഷീറ്റുകള്‍, മില്‍മ ഉല്‍പന്നങ്ങള്‍, കയര്‍ ഉല്‍പന്നങ്ങള്‍ എന്നിവ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നുവെന്നതും ഫെയറിനെ ആകര്‍ഷകമാക്കുന്നു.
ചെറുപയര്‍-74 രൂപ, കടല വലുത്-43, ഉഴുന്നുപരിപ്പ്-66, പയര്‍-45, തുവരപരിപ്പ്- 65, മുളക്- 75, മല്ലി- 92, പഞ്ചസാര- 22, മട്ട അരി-24, കുറുവ അരി- 25, പച്ചരി- 23, വെളിച്ചെണ്ണ ഒരു ലിറ്റര്‍- 90, വെളിച്ചെണ്ണ- 12 ലീറ്റര്‍- 46 എന്നിങ്ങനെയാണ് സപ്ലൈകോ വില. സദ്യ ഒരുക്കാനുള്ള ജൈവപച്ചക്കറിക്കും വമ്പന്‍ വിലക്കുറവാണുള്ളത്. വിപണിയില്‍ 75 രൂപ വിലയുള്ള നേന്ത്രക്കായക്കു മേളയില്‍ 48 രൂപയാണ്. പയര്‍, കാരറ്റ്, വെണ്ട, സവാള തുടങ്ങിയ പച്ചക്കറി വര്‍ഗങ്ങള്‍ക്കു പൊതുവിപണിയേക്കാളും പത്തു രൂപയോളം വിലക്കുറവുണ്ട്.
കോഴിക്കോട് സൗത്ത് മണ്ഡലം എം.എല്‍.എ എം.കെ മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.പി.എം സൗത്ത് മണ്ഡലം സെക്രട്ടറി എം.കെ.എം കുട്ടി ആദ്യ വില്‍പന നടത്തി. ജില്ലാ സപ്ലൈ ഓഫിസര്‍ എം. രവീന്ദ്രന്‍ അധ്യക്ഷനായി. പി.ആര്‍ സുനില്‍ സിങ്, സി.പി ഹമീദ്, എം.വി ബാബുരാജ്, പി.വി നവീന്ദ്രന്‍ സംസാരിച്ചു. സപ്ലൈകോ റീജ്യനല്‍ മാനേജര്‍ കെ. രാജീവ് സ്വാഗതവും താലൂക്ക് സപ്ലൈ ഓഫിസര്‍ സനല്‍കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."