അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താന്‍ സാധിച്ചില്ലെന്ന്; എ.ഡി.ജി.പി അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. അന്വേഷണത്തില്‍ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചചൂണ്ടിക്കാട്ടിയാണ് വിജിലന്‍സിന്റെ നടപപടി. രണ്ടാഴ്ചയ്ക്കകം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
കവടിയാറില്‍ വീട് നിര്‍മ്മാണത്തിന്റെ സ്വത്ത് വിവരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വായ്പയുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അജിത് കുമാറിനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നുമില്ല. കുറവന്‍കോണത്തെ ഫ്‌ളാറ്റ് ഇടപാടിലും ക്രമക്കേടില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്‌ക്രീനിങ് കമ്മിറ്റി ശിപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈയിടെ ചേര്‍ന്ന ഐ.പി.എസ് സ്‌ക്രീനിംഗ് കമ്മിറ്റിയും അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കി. യു.പി.എസ്.സി ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിലാണ് അജിത് കുമാര്‍ അന്വേഷണം നേരിടുന്നത്. എന്നാല്‍, അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.
മാത്രമല്ല നിലവില്‍മൂന്നിലും അജിത് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പാഥമിക അന്വേഷണങ്ങള്‍ മാത്രമാണ് നടക്കുന്നത്. ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിഎന്നല്ലാതെ സസ്‌പെന്‍ഷനോ മറ്റ് നടപടികളോ അജിത് കുമാര്‍ നേരിട്ടിട്ടുമില്ല. കൂടാതെ സ്ഥാനമാറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോയും ലഭിച്ചിട്ടുമില്ല. ഇതിനെല്ലാം പുറമേ വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് കൂടി വന്നതോടെ സ്ഥാനക്കയറ്റം ലഭിക്കാന്‍ അജിത് കുമാറിന് മുന്നിലുള്ള മുഴുവന്‍ തടസ്സങ്ങളും നീങ്ങിയിരിക്കുകയാണെന്നുും വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."