എംഐ ഫ്രാഞ്ചൈസിക്കായി തിളങ്ങി സൗത്ത് ആഫ്രിക്കക്കാരൻ; മുന്നേറ്റം ബുംറയും മലിംഗയും അടക്കിവാഴുന്ന ലിസ്റ്റിലേക്ക്
സെൻ്റ് ജോർജ് പാർക്ക്: എസ്എ ടി-20യിൽ എംഐ കേപ് ടൗണിന് വിജയത്തുടക്കം. സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെ 97 റൺസിന് തകർത്താണ് എംഐ കേപ് ടൗൺ പുതിയ സീസണിന് തുടക്കം കുറിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എംഐ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്‌സ് 15 ഓവറിൽ 77 റൺസിന് പുറത്താവുകയായിരുന്നു.
എംഐക്ക് വേണ്ടി സൗത്ത് ആഫ്രിക്കൻ താരം ഡെലാനോ പോറ്റ്ഗീറ്റർ അഞ്ചു വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ സൺറൈസേഴ്‌സ് ഇന്നിംഗ്സ് ചെറിയ ടോട്ടലിൽ അവസാനിക്കുകയായിരുന്നു. മൂന്ന് ഓവറിൽ പത്തു റൺസ് മാത്രം വിട്ടുനൽകിയാണ് ഡെലാനോ പോറ്റ്ഗീറ്റർ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്.
ഇതോടെ ടി-20 ലീഗുകളിൽ ഒരു എംഐ ഫ്രാഞ്ചൈസിക്ക് വേണ്ടി അഞ്ചു വിക്കറ്റുകൾ നേടുന്ന ഏഴാമത്തെ ബൗളറായി മാറാനും ഡെലാനോ പോറ്റ്ഗീറ്ററിന് സാധിച്ചു. ഹർഭജൻ സിംഗ്, മുനാഫ് പട്ടേൽ, ലസിത് മലിംഗ, അൽസാരി ജോസഫ്, ജസ്പ്രീത് ബുംറ, ആകാശ് മധ്വാൾ എന്നിവരാണ് ഇതിനു മുമ്പ് എംഐ ടീമിന് വേണ്ടി ഫൈഫർ നേടിയത്. ബുംറയും മലിംഗയും രണ്ട് തവണയാണ് ഫൈഫർ സ്വന്തമാക്കിയത്.
മത്സരത്തിൽ എംഐക്ക് വേണ്ടി ഡെവാൾഡ് ബ്രെവിസ് അർദ്ധ സെഞ്ച്വറി നേടി. 29 പന്തിൽ 57 റൺസാണ് താരം നേടിയത്. രണ്ട് ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. പോറ്റ്ഗീറ്റർ അവസാന ഓവറുകളിൽ ഇറങ്ങി 12 പന്തിൽ 25 റൺസും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."