പെരുമ്പാവൂരില്‍ എ.ടി.എം കുത്തിതുറന്ന് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി
പെരുമ്പാവൂര്‍: എ.ടി.എം കുത്തിതുറന്ന് പണം കവരാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. ആസം ദീബ്രുഖഡ് സ്വദേശി ബികോഷ് ഗോഗോയ് (22)നെയാണ് പെരുമ്പാവൂര്‍ പൊലിസ് പിടികൂടിയത്. കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെ 3.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. പെരുമ്പാവൂര്‍ വെങ്ങോലയിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മിലാണ് മോഷണശ്രമം നടന്നത്. തലമുതല്‍ കാല്‍മുട്ട് വരെ ഷാള്‍ കൊണ്ട് മറച്ച് എ.ടി.എം കൗണ്ടറിനുള്ളില്‍ പ്രവേശിച്ച പ്രതിയുടെ ദേഹത്ത് നിന്നും ഒരു സെക്കന്റ് സമയത്തേക്ക് ഷാള്‍ നീങ്ങിയതാണ് പ്രതിയെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്. മുഖത്ത് നിന്നും ഷാള്‍ നീങ്ങിയതോടെ പ്രതിയുടെ ഏകദേശ രൂപം പൊലിസിന് മനസ്സിലാക്കാന്‍ സാധിച്ചു. കൂടാതെ പ്രതി ധരിച്ചിരുന്ന ചെരുപ്പും കയ്യില്‍ കെട്ടിയിരുന്ന ചരടും പ്രതിയിലേക്കുളള വഴിയായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതി ഇതേ എ.ടി.എം കൗണ്ടറിന് 300 മീറ്റര്‍ അകലെയുള്ള പ്ലൈവുഡ് കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. മറ്റ് ഇതരസംസ്ഥാന തൊഴിലാളെ അപേക്ഷിച്ച് പ്രതിയുടെ ജീവിതരീതി വ്യത്യസ്ഥമായിരുന്നു. ലഹരി വസ്തക്കള്‍ ഉപയോഗിക്കാത്തയാളും കിടപ്പുമുറി വളരെ വൃത്തിയോടെ സൂക്ഷിച്ചിരുന്നയാളുമാണ് പ്രതി. ഇതുകൊണ്ടെല്ലാം തന്നെ കമ്പനിയുടമക്ക് പ്രതിയെ വളരെ വിശ്വാസമായിരുന്നു. സ്വദേശത്ത് ഒരു യുവതിയുമായി അടുപ്പത്തിലായിരുന്ന പ്രതി പണം സമാഹരിച്ച് തിരികെ നാട്ടില്‍ തന്നെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാനാണ് തീരുമാനിച്ചത്. പെട്ടെന്ന് ഇത്രയും പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇയാള്‍ മോഷണം നടത്താന്‍ തീരുമാനിച്ചതും. എന്നാല്‍ എ.ടി.എമ്മിന്റെ താഴ്ഭാഗം പൊളിച്ചപ്പോള്‍ അപായ സിഗ്നല്‍ എസ്.ഐ.ബിയുടെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു. കണ്‍ട്രോള്‍ റൂമില്‍ മോഷണം തത്സമയം കണ്ട ജീവനക്കാര്‍ ഉടന്‍ പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. ഉടനെ പൊലിസിന്റെ സ്‌പൈഡര്‍ ടീം സംഭവസ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. അലാറം അടിച്ചതോടെയാണ് പ്രതി മോഷണ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. ചുറ്റിക ഉപയോഗിച്ചാണ് പ്രതി എ.ടി.എം കൗണ്‍ണ്ടറിന്റെ താഴ് ഭാഗം തകര്‍ത്തത്. മോഷണത്തിന് ഉപയോഗിച്ച ചുറ്റികയും ഷാളും പ്രതിയുടെ മുറിയില്‍ നിന്നും പൊലിസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."