വെടിനിര്‍ത്തല്‍ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി നെതന്യാഹു
തെല്‍ അവിവ്: ഗസ്സയിലെ വംശഹത്യയ്ക്ക് അന്ത്യം കുറിക്കുന്ന വെടിനിര്‍ത്തല്‍ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കരാറില്‍ അന്തിമ തീരുമാനം എടുക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹമാസുമായി അവസാനനിമിഷം ഉടലെടുത്ത ചില തര്‍ക്കങ്ങള്‍ കാരണമാണ് ഇസ്‌റാഈലിന്റെ അംഗീകാരം വൈകുന്നതെന്ന നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് കരാര്‍ ഒപ്പിടുന്നത്.
വെടിനിര്‍ത്തല്‍ കരാറില്‍ വോട്ടെടുപ്പ് നടത്തുന്നതിനായി, വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് ചേരാനിരിക്കെയാണ് ഒപ്പിടല്‍ സംബന്ധിച്ച നെതന്യാഹുവിന്റെ സ്ഥിരീകരണം. കഴിഞ്ഞ 15 മാസങ്ങളായി ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന നരനായാട്ട് അവസാനിപ്പിക്കാനും ഫലസ്തീനി തടവുകാര്‍ക്ക് പകരം ഹമാസിന്റെ പക്കലുള്ള ബന്ദികളെ വിട്ടയക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് കരാര്‍.
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിനെ നെതന്യാഹു നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ എതിര്‍ത്തിരുന്നു. കരാര്‍ അംഗീകരിച്ചാല്‍ സഖ്യം വിടുമെന്ന് ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ കഴിഞ്ഞ ദിവസവും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ നെതന്യാഹുവിന്റെ വെള്ളിയാഴ്ചത്തെ സ്ഥിരീകരണത്തിന് ശേഷം ബെന്‍ ഗ്വിറിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രി തീരുമാനമായെങ്കിലും, കഴിഞ്ഞ ദിവസവും ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടര്‍ന്നിരുന്നു. നൂറോളം പേരെയാണ് 24 മണിക്കൂറിനിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."