സംസ്ഥാനത്ത് പൊതുപണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂനിയനുകള്‍ നടത്തിയ ദേശീയ പണിമുടക്കില്‍ കേരളം നിശ്ചലമായി. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളൊന്നും സര്‍വിസ് നടത്തിയില്ല. സംസ്ഥാനത്തുടനീളം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. ചിലയിടങ്ങളില്‍ സമരാനൂകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
സെക്രട്ടേറിയറ്റും മറ്റു സര്‍ക്കാര്‍ ഓഫിസുകളും തീര്‍ത്തും നിശ്ചലമായി. ഐ.എസ്.ആര്‍.ഒയുടെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് വി.എസ്.എസ്.സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ജീവനക്കാരെ സ്ഥാപനങ്ങളിലെത്തിക്കേണ്ട മൂന്നൂറിലേറെ വാഹനങ്ങള്‍ മരപ്പാലത്തെ ഡിപ്പോയില്‍ ചെന്നാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടഞ്ഞത്. തമ്പാനൂരില്‍ രാവിലെ ഓട്ടോ ഓടിക്കാന്‍ ശ്രമിച്ച ബി.എം.എസില്‍ പെട്ട ഓട്ടോ തൊഴിലാളികളെ സമരാനുകൂലികള്‍ തടഞ്ഞത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. ട്രെയിനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. മെഡിക്കല്‍ കോളജിലേക്കും ആര്‍.സി.സിയിലേക്കും പോകാനെത്തിയവരെ പൊലിസ് വാഹനങ്ങളില്‍ എത്തിച്ചു.
ആറ്റിങ്ങലില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ചിലര്‍ക്കു നേരെ ആക്രമണമുണ്ടായി. പാറച്ചിറയില്‍ ഒരു സംഘം ആളുകള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് തല്ലിത്തകര്‍ത്തു. സി.പി.എം തൈക്കാട് ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണമുണ്ടായി. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഇവിടങ്ങളില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ സമരം കാര്യമായി ബാധിച്ചില്ല. പൊലിസ് സുരക്ഷയോടെ ജീവനക്കാരെ പ്രത്യേക വാഹനങ്ങളില്‍ ടെക്‌നോപാര്‍ക്കിലെത്തിച്ചു. സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും പൊതുസമ്മേളനവും നടന്നു. രാവിലെ 11 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു മുന്നില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."