വഴി തെറ്റിച്ച് ഗൂഗിൾമാപ്പ്; തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സിമന്‍റുമായെത്തിയ ലോറിയെ വഴിതെറ്റിച്ച് ആശുപത്രിയിൽ എത്തിച്ചു; വണ്ടി തിരിച്ചതും കാറില്‍ ഇടിച്ച് അപകടം
തിരുവനന്തപുരം:തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സിമന്‍റുമായെത്തിയ ലോറിക്ക് പണി കൊടുത്തു ഗൂഗിൾമാപ്പ് . പാറശാലയിലെ ചെക്പോസ്റ്റ് കടന്ന് കേരളത്തിലൂടെ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചിരുന്ന ലോറി വഴി തെറ്റിയതോടെ നിയന്ത്രണം വിട്ട് മൂന്നംഗ കുടുംബം സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നെങ്കിലും യാത്രക്കാർ അത്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ 9.30ന് പാറശാല താലൂക്ക് ആശുപത്രി കവാടത്തിനു മുന്നിൽ ആയിരുന്നു അപകടമുണ്ടായത്. നെടുവാൻവിള സ്വദേശി ക്ലാസ്റ്റിൻരാജ്, ഭാര്യപിതാവ്, ഭാര്യ അടക്കം മൂന്ന് പേർ അപകട സമയത്ത് കാറിൽ ഉണ്ടായിരുന്നു.തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് സിമന്‍റുമായി എത്തിയ ടോറസ് ലോറി പാറശാല ആശുപത്രി ജംക്‌ഷനിൽ നിന്നു ബൈപാസിലേക്ക് പോകാൻ തിരിഞ്ഞെങ്കിലും ഗൂഗിൾ മാപ്പിലെ സൂചന തെറ്റായി മനസിലാക്കിയ ഡ്രൈവർ വലതു വശത്തുള്ള ആശുപത്രി റോഡിലേക്ക് തിരിഞ്ഞതാണ് അപകടകാരണം.
ആശുപത്രിയിലേക്കുള്ള വഴിയിൽ നൂറു മീറ്ററോളം സഞ്ചരിച്ച് താലൂക്ക് ആശുപത്രി വളപ്പിൽ കടന്നതോടെ ആണ് വഴി തെറ്റിയത് ഡ്രൈവർ മനസിലാക്കുന്നത്. തുടർന്ന് പുറത്തേക്ക് പോകാൻ ആശുപത്രിയിൽ നിന്നും ദേശീയപാതയിലേക്ക് കടക്കുന്ന കുത്തനെയുള്ള ഇറക്കത്തിൽ എത്തിയതോടെ ലോറി നിയന്ത്രണം വിട്ടു ദേശീയപാതയിലേക്ക് ഇറങ്ങുകയായിരുന്നു. റോഡിന്‍റെ മറുവശത്തിലൂടെ സഞ്ചരിച്ചിരുന്ന, നെയ്യാറ്റിൻകര നിന്നു പാറശാല ഭാഗത്തേക്ക് പോയ ഓൾട്ടോ കാറിൽ ഇടിച്ച ലോറി മുന്നോട്ട് നിരങ്ങി നിൽക്കുകയായിരുന്നു. ലോറി ദേശീയപാതയിലേക്ക് ഇറങ്ങിയ സമയം പാറശാലയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള വശത്തിലൂടെ വാഹനം വരാതിരുന്നത് കാരണം വലിയ ദുരന്തമാണ് ഒഴിവായത്.
കുത്തിറക്കത്തിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടെന്നാണു ഡ്രൈവറ്‍ പറയുന്നത്. ലോറിയുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. നാട്ടുകാരും പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. ആശുപത്രിക്കു അകത്ത് നിന്നു ദേശീയപാതയിലേക്ക് ഇറങ്ങുന്ന ഭാഗം അപകട മേഖലയായി മാറിയിട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മാത്രം ഇവിടെ നടന്ന അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും നാലുപേർക്കു സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ പാതയിലെ തിരക്കുള്ള ഭാഗമായ ഇവിടെ സിഗ്നൽ ലൈറ്റും ആവശ്യമായ ഡിവൈഡറും സ്ഥാപിക്കണമെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."