രണ്ടര കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സെഷന്‍സ് കോടതി
തൃശൂർ:തെലങ്കാനയിൽ അനധികൃതമായി ലബോറട്ടറി നടത്തി നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ. ഉത്പാദിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിൽ വാണിജ്യതലത്തിൽ ഏജന്റുമാർ മുഖേന വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രതികളിൽ നിന്ന് രണ്ടര കിലോ നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ കർണാടക, തെലങ്കാന സ്വദേശികളായ പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. തെലങ്കാനയിലെ രംഗാറെഡി ജില്ലാ സ്വദേശികളായ ഇശുകപ്പള്ളി വെങ്കട നരസിംഗ രാജു (53), പുതൂർ അർക്കലഗുഡയിൽ മഹേന്ദർ റെഡ്ഡി (37), കർണാടക കുടക് വിരാജ്‌പേട്ട് കൊട്ടങ്കട വീട്ടിൽ സോമയ്യ (49), ബംഗളൂരു ത്യാഗരാജ നഗർ സുജാത ഹോമിൽ താമസിക്കുന്ന രാമറാവു (32) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി.പി. സെയ്തലവി തള്ളിയത്.
തെലങ്കാനയിൽ അനധികൃതമായി ലബോറട്ടറി നടത്തി നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ. ഉത്പാദിപ്പാദനം നടത്തി വിവിധ സംസ്ഥാനങ്ങളിൽ വാണിജ്യതലത്തിൽ ഏജന്റുമാർ മുഖേന വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. 02.07.2024 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പോലീസ് തലോർ റോഡിൽ വാഹന പരിശോധന നടത്തിയതിൽ വാഹനത്തിൽനിന്നും ഗുളിക രൂപത്തിൽ സൂക്ഷിച്ചിരുന്ന 20ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.
വാഹന ഡ്രൈവറായ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ താമസിക്കുന്ന ഫാസിൽ മുള്ളന്റകത്ത് എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർ അന്വേഷണത്തിൽ വാഹന ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലുവയിലെ അപ്പാർട്ട്‌മെന്റിൽ ഒല്ലൂർ പോലീസ് പരിശോധന നടത്തിയതിൽ രണ്ടര കിലോ വരുന്ന ഗുളിക രൂപത്തിലും പൊടി രൂപത്തിലുമുള്ള എം.ഡി.എം.എ. മയക്കുമരുന്ന് പിടികൂടുകയായിരുന്നു. ഒല്ലൂർ അസിസ്റ്റന്റ് കമ്മിഷണറുടെ നിയന്ത്രണത്തിൽ 15 അംഗ സ്‌പെഷൽ സ്‌ക്വാഡ് രൂപീകരിച്ച് സൈബർ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."