'പണത്തിനു മുന്നില്‍ കെജ് രിവാള്‍ മതിമറന്നു; തന്റെ നിര്‍ദ്ദേശങ്ങള്‍ ചെവികൊണ്ടില്ല'; വിമര്‍ശിച്ച് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: എ.എ.പി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഹസാരെ. കെജ്രിവാള്‍ തന്റെ നിര്‍ദേശം ചെവിക്കൊണ്ടില്ലെന്നും പണവും മദ്യവും കണ്ട് മതിമറന്നെന്നും ഹസാരെ വിമര്‍ശിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഹസാരെയുടെ വിമര്‍ശനം.
'ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റം, ചിന്തകള്‍ എന്നിവ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗം ഉണ്ടായിരിക്കണം. ഈ ഗുണങ്ങള്‍ വോട്ടര്‍മാര്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസം വളര്‍ത്തുന്നു. ഇക്കാര്യം ഞാന്‍ പലതവണ കെജ് രിവാളിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം അത് ശ്രദ്ധിച്ചില്ല, അദ്ദേഹം മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി' അണ്ണാ ഹസാരെ പറഞ്ഞു.
വോട്ടെടുപ്പിന് മുന്നോടിയായി, സത്യസന്ധതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രം വോട്ട് ചെയ്യണമെന്ന് അണ്ണാ ഹസാരെ ഡല്‍ഹി വോട്ടര്‍മാരോട് പറഞ്ഞിരുന്നു. - ശുദ്ധമായ സ്വഭാവമുള്ളവര്‍, രാജ്യത്തിനായി ത്യാഗം ചെയ്യാന്‍ കഴിയുന്നവര്‍ക്കായിരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് കാലിടറുന്ന കാഴ്ച്ചയാണ് കാണുന്നത്. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലേക്ക് വരികയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പിയുടേ മുന്നേറ്റം. 70 അംഗ നിയമസഭയില 40ലേറെ സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ 30ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് എ.എ.പി ലീഡ് ചെയ്യുന്നത്. അതേസമയം, കോണ്‍ഗ്രസ് ചിത്രത്തില്‍ തന്നെയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."