അദ്ദേഹം വൈകാതെ പഴയ ഫോമിലേക്ക് തിരിച്ചെത്തും: കപിൽ ദേവ്
ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മോശം പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം കപിൽ ദേവ്. രോഹിത്തിന്റെ മോശം പ്രകടനങ്ങൾ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നാണ് കപിൽ ദേവ് പറഞ്ഞത്. ക്രിക്കറ്റ് ആഡ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
'രോഹിത് ശർമ്മ ഒരു വലിയ കളിക്കാരനാണ്. അദ്ദേഹം അതികം വൈകാതെ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ രാജ്യം മുഴുവൻ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിനായി ഉറ്റുനോക്കുകയാണ്. കുറച്ചുകാലമായി ഇന്ത്യ നന്നായി കളിച്ചു. എന്നാൽ ഇപ്പോൾ ടീം അസ്വസ്ഥതയോടെയാണ് കാണപ്പെടുന്നത്. ക്യാപ്റ്റൻ ഫോമില്ലാതെയാവുമ്പോൾ ടീമിനും പ്രശ്‌നങ്ങളുണ്ടാകും,' കപിൽ ദേവ് പറഞ്ഞു.
സമീപകാലങ്ങളിൽ രോഹിത് ഇന്ത്യൻ ടീമിനൊപ്പം മോശം പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ രണ്ട് റൺസ് നേടിയാണ് രോഹിത് പുറത്തായത്. അടുത്തിടെ അവസാനിച്ച ബോർഡർ-ഗവാസ്കർ ട്രോഫിയിലും നിരാശപ്പെടുത്തിയ പ്രകടനമാണ് രോഹിത് നടത്തിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രോഹിതിന് 31 റൺസ് മാത്രമേ നേടാനായുള്ളൂ. പിന്നീട് രഞ്ജി ട്രോഫിയിലും താരം നിരാശപ്പെടുത്തി.
ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."