പണിമുടക്ക് ജില്ല സ്തംഭിച്ചു
മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചു തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കു ജില്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും തൊഴിലാളികള്‍ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചതോടെ പണിമുടക്കു ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു.
ചില സ്ഥലങ്ങളില്‍ ചെറിയ തോതിലുള്ള വാഹനം തടയലും അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ഒഴിച്ചാല്‍ പണിമുടക്കു ജില്ലയില്‍ സമാധാനപരമായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ 15 ശതമാനം മാത്രമാണു ഹാജര്‍ രേഖപ്പെടുത്തിയത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുത്തു. അങ്ങിങ്ങ് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി. ബി.എം.എസ് ഒഴികെയുള്ള രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചേളാരി ഐ.ഒ.സിയില്‍ നടന്ന സമരത്തിന് ബി.എം.എസും പിന്തുണ അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ഹോട്ടലുകളടക്കം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിലെ കടകളെല്ലാം പ്രവര്‍ത്തിച്ചു.
ദീര്‍ഘ ദൂരയാത്രക്കാര്‍ ട്രെയിനിനെ ആശ്രയിച്ചു. ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസുകള്‍ എന്നിവര്‍ക്ക് പുറമേ കെ. എസ്.ആര്‍.ടി.സിയും പണിമുടക്കില്‍ ചേര്‍ന്നതോടെ യാത്രക്കാര്‍ വട്ടംകറങ്ങി. മുന്‍കൂട്ടി അറിയിച്ചിരുന്ന പണിമുടക്കായതിനാല്‍ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍ നിലയും വളരെ കുറവായിരുന്നു. 3302 ജീവനക്കാരുള്ള ജില്ലയിലെ പ്രധാന ഓഫിസുകളില്‍ 2311 പേരും സമരത്തില്‍ പങ്കെടുത്തു. 553 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. 438 പേര്‍ ഔദ്യോഗിക ലീവിലായിരുന്നു. മലപ്പുറം കലക്ടറേറ്റില്‍ വെറും അഞ്ചു പേര്‍ മാത്രമാണു ഹാജരായത്. ജീവനക്കാരെത്താത്തതിനാല്‍ ഡി.ഡി.ഇ ഓഫിസ് പൂര്‍ണമായും അടഞ്ഞു കിടന്നു. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടന്നു. നെടുമ്പാശേരിയിലേക്കുള്ള ഹജ്ജ് യാത്രക്കാരെ പണിമുടക്ക് ബാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."