തിരിച്ചുവരവ് ഐതിഹാസികം; ഇംഗ്ലണ്ടിൽ ഒന്നാമനായി റൂട്ട്
കട്ടക്ക്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റൺസിന് പുറത്തായി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ബെൻ ഡക്കറ്റ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 72 പന്തിൽ 69 റൺസാണ് റൂട്ട് നേടിയത്. ആറ് ഫോറുകളാണ് റൂട്ടിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏകദിന ക്രിക്കറ്റിലെ 40ാം അർദ്ധ സെഞ്ച്വറിയാണ് റൂട്ട് നേടിയത്. 16 സെഞ്ച്വറികളും താരം ഏകദിനത്തിൽ അടിച്ചെടുത്തിട്ടുണ്ട്.
ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 50+ സ്‌കോറുകൾ നേടുന്ന ഇംഗ്ലണ്ട് താരമായി മാറാനും റൂട്ടിന് സാധിച്ചു. 56 തവണയാണ് താരം 50+ റൺസ് സ്കോർ ചെയ്തത്. മുൻ ഇംഗ്ലണ്ട് നായകനും ലോകകപ്പ് ജേതാവുമായ ഇയോൺ മോർഗന്റെ പേരിലാണ് മുമ്പ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിനായി 55 തവണയാണ് മോർഗൻ ഫിഫ്റ്റി നേടിയത്. 39 തവണ 50+ സ്‌കോറുകൾ നേടിയ ഇയാൻ ബെൽ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.
നീണ്ട കാലങ്ങൾക്ക് ശേഷമാണ് റൂട്ട് ഇംഗ്ലണ്ടിനായി ഏകദിന പരമ്പരയിൽ കളിക്കാൻ ഇറങ്ങിയത്. 2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ആയിരുന്നു റൂട്ട് അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്. തിരിച്ചുവരവിലും തകർപ്പൻ നേട്ടമാണ് റൂട്ട് കൈപ്പിടിയിലാക്കിയത്.
ബെൻ ഡക്കറ്റ് 56 പന്തിൽ 65 റൺസും നേടി. 10 ഫോറുകളാണ് താരം നേടിയത്. ലിയാം ലിവിങ്സ്റ്റൺ 32 പന്തിൽ 41 റൺസും ബട്ലർ 35 പന്തിൽ 34 റൺസും നേടി. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനമാണ് നടത്തിയത്. മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ഹർഷിദ് റാണ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
ഫിൽ സാൾട്ട്(വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ(ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജാമി ഓവർട്ടൺ, ഗസ് ആറ്റ്കിൻസൺ, ആദിൽ റാഷിദ്, മാർക്ക് വുഡ്, സാഖിബ് മഹമൂദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."