വയനാട്ടിൽ വീണ്ടും കടുവാസാന്നിധ്യം; 14 ക്യാമറ ട്രാപ്പുകൾ, രണ്ട് ലൈവ് ക്യാമറ, ഡ്രോൺ നിരീക്ഷണവും ആരംഭിച്ച് വനം വകുപ്പ്
മാനന്തവാടി: ദിവസങ്ങളുടെ മാത്രം ഇടവേളയിൽ വയനാട്ടിൽ തുടരെയുണ്ടാവുന്ന കടുവ സാന്നിധ്യം. പേര്യക്കടുത്ത വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത്മല, 44-ാം മൈൽ, കമ്പിപ്പാലം, തലപ്പുഴ എന്നിവിടങ്ങളിലെ ജനവാസ പ്രദേശങ്ങളിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തി.
കണ്ണോത്ത് മല, കമ്പിപ്പാലം തുടങ്ങിയ പ്രദേശങ്ങൾ വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന എരിയയാണ്. വനത്തിന് സമീപത്തെ ജനവാസ പ്രദേശങ്ങളിലാണ് കടുവയുടേത് എന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് കമ്പിപ്പാലം ഭാഗത്ത് പുല്ല് വെട്ടാൻ പോയവർ പുഴയുടെ സമീപം കടുവയെ കണ്ടുവെന്നെ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് മാനന്തവാടി ആർ ആർ ടി , പേര്യ, ബെഗൂർ റേഞ്ചുകളിലെ മുപ്പതോളം വനപാലകർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥർ കാൽപ്പാടുകൾ കണ്ടെത്തിയ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നത് തുടരുകയാണ്. പ്രദേശത്ത് 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് വനഭാഗങ്ങളിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്. ഇതിനുപുറമെ വനം വകുപ്പിന്റെ വാഹനങ്ങളിൽ രാത്രി പട്രോളിങ്ങും നടത്തും. ജനങ്ങൾ പരിഭ്രാന്തരാകാതെ സഹകരിക്കണമെന്നും രാത്രി ഒറ്റയ്ക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി. പുൽപ്പള്ളിയിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ കടുവാ സാന്നിധ്യം ഉണ്ടായതായി വനം വകുപ്പ് സ്ഥിരീകരിണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."