റിയാസ് മൗലവി കൊലക്കേസിൽ വിധി ഇന്ന്; പ്രതികൾ സംഘ്പരിവാർ പ്രവർത്തകർ, ജില്ലയിൽ കനത്ത സുരക്ഷ
കാസർകോട്: മദ്രസ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയ്ക്ക് അകത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസിൽ വിധി പറയുന്നത്. സംഘ്പരിവാർ പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലിസ് സുരക്ഷ ശക്തമാക്കി.
കാസർകോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി 2017 മാർച്ച് 20ന് പുലർച്ചെയാണ് കൊല്ലപ്പെട്ടത്. പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് സംഘപരിവാർ പ്രവർത്തകർ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് വർഗീയ സംഘർഷം ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലിസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. അജേഷ് എന്ന അപ്പു, നിതിൻകുമാർ, അഖിലേഷ് എന്ന സംഘ്പരിവാർ പ്രവർത്തകരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലിസ് ഉടൻ കണ്ടെത്തി. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ അന്നത്തെ ഇൻസ്‌പെക്ടർ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ വിചാരണവേളയിൽ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."