ഗസ്സ വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും
ഗസ്സ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇസ്‌റാഈല്‍ തടവുകാരെ ഇന്ന് മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് ഹമാസ്. ശനിയാഴ്ച തടവുകാരെ മോചിപ്പിച്ചില്ലെങ്കില്‍ ഗസ്സയില്‍ നരകമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതിനിടെ, ഇസ്‌റാഈലും ശനിയാഴ്ചയോടെ ആക്രമണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നേരത്തെ, ഇനിയൊരു അറിയിപ്പുവരെ തടവുകാരെ മോചിപ്പിക്കില്ലെന്ന് അറിയിച്ച ഹമാസ് ഇന്നലെ മുന്‍ നിശ്ചയിച്ച പ്രകാരം തടവുകാരെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു.
ഹമാസ് സായുധ വിഭാഗമായ അല്‍ ഖസം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദയാണ് ടെലഗ്രാം വഴി ഇക്കാര്യം അറിയിച്ചത്. മൂന്നു തടവുകാരെയാണ് മോചിപ്പിക്കുക. റഷ്യക്കാരനായ അലെക്‌സാണ്ടര്‍ ട്രൗഫോനോവ്, അര്‍ജന്റീനിയൻ വംശജൻ യായിര്‍ ഹോണ്‍, യു.എസുകാരനായ സൗഗി ദേകെല്‍ ചെന്‍ എന്നിവരുടെ പേരാണ് ഹമാസ് പുറത്തുവിട്ടത്.
ശനിയാഴ്ചയ്ക്കകം മുഴുവന്‍ തടവുകാരെയും വിട്ടയക്കണമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. എന്നാല്‍ ഇത് ഹമാസ് അംഗീകരിച്ചില്ല. കരാര്‍ പ്രകാരം തടവുകാരെ വിട്ടയക്കുമെന്നും പകരം ഇസ്‌റാഈല്‍ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കണമെന്നും ഹമാസ് വ്യക്തമാക്കി. അതേസമയം, ഇസ്റാഈൽ 369 തടവുകാരെ മോചിപ്പിക്കുമെന്ന് അറിയിച്ചു. ഇതിൽ 358 പേരെ ഗസ്സയിൽനിന്നും 10 പെരെ വെസ്റ്റ്ബാങ്കിൽനിന്നും ഒരാളെ കിഴക്കൻ ജറുസലേമിൽനിന്നുമാണ് അറസ്റ്റുചെയ്തത്.
ജനുവരി 19നാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇതിനകം അഞ്ച് തായ്‌ലന്റ് പൗരന്മാര്‍ ഉള്‍പ്പെടെ 16 തടവുകാരെ ഹമാസ് വിട്ടയച്ചിട്ടുണ്ട്. ഇവര്‍ക്ക് പകരമായി ഇസ്‌റാഈല്‍ 566 തടവുകാരെ മോചിപ്പിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ആറു ആഴ്ചയ്ക്കകം 33 തടവുകാരെ ഹമാസും പകരം 1900 തടവുകാരെ ഇസ്‌റാഈലും വിട്ടയക്കണമെന്നാണ് കരാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."