മൂക്ക്, തല, മുഖം എന്നിവിടങ്ങളിലെ ചതവ് മരണകാരണമല്ല; ആഴത്തിലുള്ള മുറിവുകളില്ല; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്
തിരുവനന്തപുരം: സമാധി വിവാദത്തിലകപ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാവുകയോ ചെയ്തിട്ടില്ല. അസ്വഭാവികമായി ഒന്നും തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനാകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിനുള്ളില്‍ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭസ്മമുള്‍പ്പെടെ ഇട്ടുകൊണ്ടാണ് ഗോപനെ സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞിരുന്നത്. ഇതിന്റെ സാമ്പിളുകളാണ് വിശദ പരിശോധനയ്ക്ക് അയച്ചത്.
കഴിഞ്ഞ മാസം ഗോപന്റെ സമാധിയെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്. ഗോപന്‍ സമാധിയായെന്ന് കാണിച്ച് മക്കള്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. പ്രാഥമിക പരിശോധനയിലും അസ്വഭാവികതയൊന്നും ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
അടുത്ത ദിവസം തന്നെ പുതിയ കല്ലറയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഗോപനെ സംസ്‌കരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."