കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ പഠനം വിലക്കും. നഴ്‌സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിനാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോളജ് അധികൃതരെയും സര്‍ക്കാരിനേയും വിവരമറിയിക്കും.
മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരും ചേര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ മൂന്ന് മാസത്തോളം ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയെന്നാണ് പരാതി. വിദ്യാര്‍ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിടുകയും, കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചെന്നും പരാതിയുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഉള്‍പ്പടെ പൊലിസ് അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ വിദ്യാര്‍ഥികള്‍ ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മൂന്ന് മാസത്തിനിടെ പല തവണ ആന്റി റാഗിംങ് സ്‌ക്വാഡ് പരാതികള്‍ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കെയര്‍ ടേക്കര്‍ ശബ്ദം ഒന്നും കേട്ടില്ലെന്നാണ് പറഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
ആറ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായത്. പ്രതികളെ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബി.എന്‍.എസ്. 118, 308, 350 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് പീഡന വിവരം പുറത്തുവന്നത്.
ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയുടെ രക്ഷിതാവ് ക്ലാസ് അധ്യാപികയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്നലെ പുലര്‍ച്ചെയോടെ രേഖപ്പെടുത്തി.
കഴിഞ്ഞ നവംബര്‍ നാലിനാണ് ഇവിടെ അധ്യയനം തുടങ്ങിയത്. അന്നുമുതല്‍ ക്രൂരമായ റാഗിങ്ങാണെന്ന് പരാതിയില്‍ പറയുന്നു. പ്രതികളുടെ മുറിയിലേക്ക് ഇരകളെ ബലമായി എത്തിച്ചായിരുന്നു റാഗിങ്. നഗ്നരാക്കി കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കി. അതില്‍ കലാമിന്‍ ലോഷന്‍ ഒഴിച്ച് ഇരകള്‍ വേദനകൊണ്ടു പുളയുമ്പോള്‍ വായില്‍ ലോഷനൊഴിച്ചു. ജനനേന്ദ്രിയത്തില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഡംബല്‍ തൂക്കിയിട്ടും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയുമുള്ള അതിക്രൂര പീഡനങ്ങള്‍ക്കാണ് ഇവര്‍ വിധേയരായത്. ശനിയാഴ്ചകളിലാണ് ക്രൂരത കൂടുതലും അരങ്ങേറുന്നത്. ശനിയാഴ്ചകളില്‍ പ്രതികള്‍ക്ക് മദ്യം വാങ്ങാനായി 800 രൂപ വീതം നല്‍കണം. ഇല്ലെങ്കില്‍ പണം ബലമായി പിടിച്ചെടുക്കും. തുടര്‍ന്ന് രാത്രിയോടെ മദ്യപിച്ചെത്തി സംഘം ഹോസ്റ്റലില്‍ അക്രമം അഴിച്ചുവിടും. പീഡനം പുറത്തറിയാതിരിക്കാനും പരാതി നല്‍കാതിരിക്കാനുമായി നിര്‍ബന്ധിച്ച് മദ്യം നല്‍കി നഗ്നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തും. വിഡിയോ പുറത്തായാല്‍ പഠനം നിലയ്ക്കുമെന്ന ഭയത്താലാണ് ഇരകള്‍ പരാതി നല്‍കാതിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം റാഗിങ്ങിന് വിധേയനായ ഇടുക്കി സ്വദേശിയോട് പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ കഴിയാതെ വന്നതോടെ ക്രൂരമായി മര്‍ദിച്ചു. പരുക്കേറ്റ വിദ്യാര്‍ഥി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."