പാതിവില തട്ടിപ്പ്: സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്, ലാലി വിന്‍സെന്റിന്റെ വീട്ടിലും പരിശോധന
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. സായ് ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറിന്റെ വീട്ടിലും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന്റെ കൊച്ചിയിലെ വീട്ടിലുമാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ വീട്ടിലും എന്‍.ജി.ഒ കൊണ്‍ഫെഡറേഷന്റെ ഓഫിസിലും പരിശോധനയുണ്ട്.
കേസില്‍ കണ്ണൂരിലെ സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സീഡ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ രാജമണി, കോഡിനേറ്റര്‍ മോഹനന്‍ തുടങ്ങിയവര്‍ ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്തിയാണ് മൊഴി നല്‍കിയത്. സായിഗ്രാമം മേധാവി കെ.എന്‍ ആനന്ദകുമാര്‍ ഉള്‍പ്പെടെ തട്ടിപ്പിന്റെ ഭാഗമാണെന്ന് ഭാരവാഹികളുടെ മൊഴിയിലുണ്ട്.
അതിനിടെ തട്ടിപ്പിന്റെ സൂത്രധാരന്‍ ആനന്ദകുമാറാണെന്നതിന് കൂടുതല്‍ തെളിവുകളും പുറത്തുവരുന്നുണ്ട്. 2023 ഡിസംബര്‍ നാലിന് കോഴിക്കോട്ട് നടത്തിയ പ്രസംഗത്തില്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷനു പിന്നില്‍ സത്യസായി ട്രസ്റ്റാണെന്ന് ആനന്ദകുമാര്‍ വെളിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പകുതിവിലയ്ക്ക് ലാപ്ടോപ്പുകള്‍ നല്‍കുന്നതിനായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആനന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള തുടങ്ങിയത് 30 വര്‍ഷം മുമ്പാണെന്നും 27 വര്‍ഷമായപ്പോള്‍ നാഷനല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍തുടങ്ങിയെന്നുമാണ് ആനന്ദകുമാര്‍ പറയുന്നത്.
വാഴ നനയുമ്പോള്‍ ചീരയും നനയണം. സി.എസ്.ആര്‍ ഫണ്ട് എന്താണെന്ന് എല്ലാവരും മനസിലാക്കണം. 5000 ലാപ്ടോപ്പുകള്‍ പകുതി വിലയ്ക്കാണ് ഞങ്ങള്‍ നല്‍കുന്നത്. 2000 രൂപ വീതം ഓരോ ലാപ് ടോപിനും ചെലവാക്കുന്നത് ഞങ്ങളുടെ പണം ഉപയോഗിച്ചാണ്. 10 കോടിയിലേറെ തുക ഇതിനായി ചെലവഴിച്ചുവെന്നും പ്രസംഗത്തില്‍ ആനന്ദകുമാര്‍ പറയുന്നുണ്ട്.
തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് ആനന്ദകുമാര്‍ തുടക്കംമുതല്‍ പറഞ്ഞിരുന്നത്. ആനന്ദകുമാര്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത ചെയര്‍മാനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്കു പുറമേ അനന്തു കൃഷ്ണന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍, ബീന സെബാസ്റ്റ്യന്‍ എന്നിവരാണ് കോണ്‍ഫെഡറേഷന്‍ സ്ഥാപക അംഗങ്ങള്‍. അഞ്ചുപേര്‍ക്കും പിന്തുടര്‍ച്ചാവകാശമുണ്ടെന്നും രേഖകളില്‍ പറയുന്നു. കൂടുതല്‍ അംഗങ്ങളെ നിര്‍ദേശിക്കാനുള്ള അധികാരം ചെയര്‍മാന്‍ ആനന്ദകുമാറിനാണ്. ആജീവനാന്തന ചെയര്‍മാനാണെങ്കിലും ആനന്ദകുമാറിന് എപ്പോള്‍ വേണമെങ്കിലും രാജിവയ്ക്കാം. പുതിയ ആളെ നിര്‍ദേശിക്കാനുള്ള അധികാരവും ആനന്ദകുമാറിനാണ്.
അതേസമയം, കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു . ലാലിക്കെതിരേ നല്‍കിയ മൊഴിപ്പകര്‍പ്പ് ഹാജരാക്കാന്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി ലാലി വിന്‍സന്റ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് ഉത്തരവ്.
ലാലിയെ ഏഴാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ സൗത്ത് പൊലിസാണ് കേസെടുത്തിരിക്കുന്നത്. മുഖ്യപ്രതി അനന്തുകൃഷ്ണനില്‍ നിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിന്‍സന്റ് കൈപ്പറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
എന്നാല്‍, ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ നിയമോപദേശക എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതായും ഇത്തരം സേവനങ്ങള്‍ മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു. അനന്തുവിന് വേണ്ടി പല കരാറുകളും തയാറാക്കി കൊടുത്തിട്ടുണ്ട്. ആരോപിക്കപ്പെടുന്ന തുക വക്കീല്‍ ഫീസായി അഞ്ച് വര്‍ഷം കൊണ്ട് കൈപ്പറ്റിയതാണെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ അനന്തുവിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."