ഇന്ത്യ-പാക് പോരാട്ടത്തിൽ മുൻതൂക്കം പാകിസ്താന്, അതിന്റെ കാരണം വലുതാണ്: യുവരാജ്
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആവേശകരമായ പോരാട്ടമാണ് ഇന്ത്യ-പാകിസ്താൻ മത്സരം. ഫെബ്രുവരി 23ന് ദുബായിലാണ് മത്സരം നടക്കുന്നത്. ഇപ്പോൾ മത്സരത്തിൽ ഏത് ടീമിനായിരിക്കും മുൻതുക്കമുണ്ടാവുകയെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. മത്സരത്തിൽ ഇന്ത്യയേക്കാൾ കൂടുതൽ പാകിസ്താനാണ് മുൻ തൂക്കമെന്നാണ് യുവരാജ് പറഞ്ഞത്. അതിനുള്ള കാരണത്തെക്കുറിച്ചും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. ജിയോ ഹോട്ട്സ്റ്റാറിലെ ഗ്രേറ്റസ്റ്റ് റൈവല്‍റി റിട്ടേണ്‍സ് എന്ന പരിപാടിയിലാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്.
'പാകിസ്താന് ദുബായില്‍ ഒരു ബേസ് ഉള്ളതിനാല്‍ അവര്‍ക്ക് മത്സരത്തിൽ മുന്‍ഗണന ഉണ്ടെന്ന് ഞാന്‍ കരുതുന്നു. പാകിസ്താൻ ദുബായിയിൽ ധാരാളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവർക്ക് അവിടെയുള്ള സാഹചര്യങ്ങള്‍ നന്നായി മനസിലാക്കാൻ സാധിക്കും,' യുവരാജ് പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ന്യൂസിലാൻഡിനെതിരെ 60 റൺസിനാണ് പാകിസ്താൻ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ൩൨൦ റൺസാണ് നേടിയത്. എന്നാൽ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ ൨൬൦ റൺസിന് പുറത്താവുകയായിരുന്നു. ടൂർണമെന്റിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കിലും പാകിസ്താന് ഇന്ത്യക്കെതിരെ ജയം അനിവാര്യമാണ്.
എന്നാൽ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റുകൾക്ക് കീഴടക്കിയാണ് രോഹിത് ശർമയും സംഘവും പാകിസ്താനെതിരെ കളത്തിൽ ഇറങ്ങാൻ ഒരുങ്ങുന്നത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 228 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."