2500 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു
വടക്കാഞ്ചേരി: നാട് ഓണമാഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ സഹകരണ വകുപ്പിന് കീഴിലുള്ള കണ്‍സ്യൂമര്‍ ഫെഡിലെ 2500 ഓളം താല്‍ക്കാലിക ജീവനക്കാരുടെ ഓണം സങ്കടക്കടലിലാകും. തൊഴിലാളികളുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെട്ട് അധികാരത്തിലെ ത്തിയ സര്‍ക്കാര്‍ ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു ആനുകൂല്യവും നല്‍കാതെ എല്ലാവരേയും പിരിച്ചുവിട്ടു. ഇന്നലെ ജോലി കഴിഞ്ഞതോടെ തിങ്കളാഴ്ച മുതല്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടര്‍ ഫോണിലൂടെയാണ് റീജനല്‍ മാനേജര്‍മാര്‍ക്ക് നല്‍കിയത്. നിര്‍ധന കുടുംബാംഗങ്ങളാണ് ഭൂരിഭാഗം തൊഴിലാളികളും. 2012 മുതല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. പ്രതിദിനം 300 രൂപയാണ് ശമ്പളമായി നല്‍കുന്നത്.
തുച്ഛമായ ശമ്പളം കൊണ്ട് കുടുംബം പുലര്‍ത്തുന്നവരാണ് പലരും. വിധവകളും കുടുംബത്തിന്റെ ഏക ആശ്രയങ്ങളായവരും ഇവരില്‍ ഉള്‍പ്പെടുന്നു. എല്ലാവരും പതിനായിരം രൂപ വീതം ബോണ്ട് കെട്ടിവെച്ചാണ് ജോലിക്ക് പ്രവേശിച്ചത്. ഇത് പോലും തിരിച്ച് നല്‍കാതെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."