സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; ചരിത്ര റെക്കോർഡുമായി സ്മിത്ത്
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറിൽ 264 റൺസിനാണ് പുറത്തായത്. മത്സരത്തിൽ ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. സ്മിത്ത് 96 പന്തിൽ 73 റൺസാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
ഈ ഫിഫ്‌റ്റിക്ക് പിന്നാലെ ഒരു അപൂർവനേട്ടവും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്വന്തമാക്കി. ഐസിസി ടൂർണമെന്റുകളിൽ നോക്ക് ഔട്ട് മത്സരങ്ങളിൽ അഞ്ചു തവണ 50+ സ്‌കോറുകൾ നേടുന്ന രണ്ടാമത്തെ താരമായാണ് സ്മിത്ത് മാറിയത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരവും കൂടിയാണ് സ്മിത്ത്. ഏഴ് ഇന്നിങ്ങ്സുകളിൽ നിന്നും അഞ്ചു 50+ സ്കോറുകളാണ് താരം നേടിയത്. സച്ചിൻ 14 ഇന്നിങ്ങ്സുകളിൽ നിന്നും ഏഴ് തവണ 50+ സ്‌കോറുകൾ സ്വന്തമാക്കി.
സ്മിത്തിന് പുറമെ അലക്സ് എട്ട് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 57 പന്തിൽ 61 റൺസും ട്രാവിസ് ഹെഡ് 33 പന്തിൽ 39 റൺസും നേടി നിർണായകമായി. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട വീതം വിക്കറ്റും നേടി തിളങ്ങി. അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
കൂപ്പർ കോണോളി, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ, മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), അലക്സ് കാരി, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, ആദം സാംപ, തൻവീർ സംഘ.
ഇന്ത്യ പ്ലെയിങ് ഇലവൻ
രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ(വിക്കറ്റ് കീപ്പർ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."