ബഹ്റൈൻ ഐഡി ഇനി കൂടുതൽ "സ്‌മാർട്ട്"; യാത്രാ രേഖയായി ഉപയോഗിക്കാം
മനാമ: യാത്രാരേഖയായി ഉപയോഗിക്കാനുള്ള ആധുനിക സവിശേഷതകളോടെ പുതുക്കിയ തിരിച്ചറിയൽ കാർഡ് (CPR) ബഹ്റൈൻ പുറത്തിറക്കി. രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ സാങ്കേതിക വിദ്യയിലാണ് ഐഡി കാർഡ് വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ ബയോമെട്രിക് സുരക്ഷാ സവിശേഷതകളും മെച്ചപ്പെട്ട ഗുണനിലവാരവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, ഡിജിറ്റൽ ഇടപാടുകളുടെ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ തിരിച്ചറിയൽ കാർഡ് (CPR) യാത്രാരേഖയായി ഉപയോഗിക്കാമെങ്കിലും പാസ്പോർട്ട് കൈവശം വെക്കണമെന്ന് ബഹ്റൈൻ അധികൃതർ വ്യക്തമാക്കി. രാജ്യത്തെ സ്വദേശികളും പ്രവാസികളും നിലവിലെ ഐഡി കാർഡിന്റെ കാലാവധി പൂർത്തിയായ ശേഷം മാത്രമേ പുതിയ കാർഡ് എടുക്കേണ്ടതുള്ളൂ എന്നും ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി (IGA) ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അലി അൽ ഖാഇദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
3,000 വർഷം പഴക്കമുള്ള ബഹ്റൈന്റെ സമുദ്രയാന പൈതൃകവും പൂർവിക ജീവിതത്തിന്റെ തനിമയും പ്രതിഫലിപ്പിക്കുന്നതാണ് നവീകരിച്ച തിരിച്ചറിയൽ കാർഡ് (CPR). 1980 മുതൽ രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഐഡി കാർഡുകളുടെ ചരിത്രപരമായ ശ്രേണി ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി (IGA) സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പോളി കാർബണേറ്റ് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കാർഡ് തീവ്രമായ ചൂടിനെ പ്രതിരോധിക്കാനും തേയ്മാനം സംഭവിക്കാതിരിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, ഇത് ദീർഘകാല ഉപയോഗവും ഉറപ്പാക്കുന്നു.
പുതുക്കിയ തിരിച്ചറിയൽ കാർഡിന്റെ (CPR) കാലാവധി ഇഷ്യൂ ചെയ്‌ത തീയതി മുതൽ 5 വർഷം ആയിരിക്കും. എന്നാൽ, 70 വയസ്സിന് മുകളിലുള്ളവർക്ക് 10 വർഷത്തേക്കാണ് കാർഡ് അനുവദിക്കുന്നത്. ഐഡി കാർഡിന്റെ സാധുത കാലാവധി മറ്റ് രേഖകളായ പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ടതല്ല. അതേസമയം, ഐഡി പുതുക്കുന്നതിനോ നഷ്ടപ്പെട്ട കാർഡിന് പകരം പുതിയത് അപേക്ഷിക്കുന്നതിനോ, അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ടിന് നിയമസാധുത ഉണ്ടായിരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Bahrain introduces an upgraded smart ID card with biometric security and advanced features, now eligible for use as a travel document. Learn more about its benefits and innovations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."