രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്‌റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
കോഴിക്കോട്: പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി കെമിക്കൽ ലബോറട്ടറികളിൽ പരിശോധനക്കെത്തിക്കുന്ന ആന്തരികാവയങ്ങൾ സൂക്ഷിക്കാൻ കോൾഡ് സ്‌റ്റോറേജ് ഒരുക്കുന്നു. ശീതീകരണ സംവിധാനമില്ലാത്തതിനെ തുടർന്ന് പല സാമ്പിളുകളും നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കെമിക്കൽ എക്‌സാമിനിഷേൻ ലബോറട്ടറി വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലാബുകളിൽ കോൾഡ് സ്‌റ്റോറേജ് സംവിധാനം ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്.
ബയോളജിക്കൽ സാമ്പിളുകൾ കുറഞ്ഞ ഊഷ്മാവിൽ (നാല് ഡിഗ്രി സെൽഷ്യസ്) സൂക്ഷിക്കണമെന്നാണ് മാനദണ്ഡം.
എന്നാൽ, ഇത്തരം ശീതീകരണ സംവിധാനം ഒരുലാബിലും ഇല്ല. അന്തരീക്ഷ ഊഷ്മാവിലാണ് മൂന്നിടത്തും ആന്തരികാവയവങ്ങൾ സൂക്ഷിക്കുന്നത്. ഇതും സമയബന്ധിതമായി പരിശോധന നടത്താൻ സാധിക്കാത്തതും മൂലം ബാഷ്പശീലമുള്ള വിഷ പദാർഥങ്ങൾ ഉൾപ്പെടെ പലതരം വിഷാംശങ്ങളും സാമ്പിളുകളിൽ നിന്ന് നഷ്ടപ്പെട്ട് പോകാനുള്ള സാധ്യത കൂടുതലാണ്.
കോൾഡ് സ്‌റ്റോറേജും വിസറ (ആന്തരികാവയവങ്ങൾ) സൂക്ഷിക്കുന്നതിനുള്ള സൗകര്യവുമൊരുക്കണമെന്ന് മൂന്ന് ലാബുകളിലെയും മേധാവികൾ പലഘട്ടങ്ങളിലും സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ഈ സാമ്പത്തിക വർഷത്തിൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് സാധനസാമഗ്രികൾ വാങ്ങാനായി 28 ലക്ഷം രൂപ വകയിരുത്തുന്നതിനായി സർക്കാരിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ, അടിയന്തര പ്രാധാന്യമർഹിക്കുന്ന കോൾഡ് സ്‌റ്റോറേജ് സംവിധാനം സ്ഥാപിക്കണമെന്ന് ചീഫ് കെമിക്കൽ എക്‌സാമിനർ സർക്കാരിന് റിപ്പോർട്ട് നൽകി.
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം എൻ.എ.ബി.എൽ അംഗീകാരം നിലനിർത്താൻ സാധിക്കില്ലെന്നും 18 ലക്ഷം രൂപ കൂടി അധികമായി അനുവദിക്കണമെന്നും വ്യക്തമാക്കിയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ സാഹചര്യത്തിലാണ് തുക അനുവദിക്കാൻ സർക്കാർ തയാറായത്. എറണാകുളം ലബോറട്ടറിയിൽ 1998 മുതലുള്ള കേസുകൾ പല ഭാഗങ്ങളിലായാണ് സൂക്ഷിക്കുന്നത്.
കാലപ്പഴക്കമേറിയ കേസുകളിൽ പലതിന്റെയും അഡ്രസ് ടാഗ് വരെ നഷ്ടപ്പെട്ട നിലയിലാണുള്ളത്. ചില സാമ്പിളുകൾ സൂക്ഷിച്ചിട്ടുള്ള കണ്ടെയ്‌നർ പൊട്ടിപ്പോയത് മൂലം പ്രിസർവ് ചെയ്തിരുന്ന ദ്രാവകം പൂർണമായും നഷ്ടപ്പെടുകയും ആന്തരികാവയവത്തിന് കേടുപാടുകൾ സംഭവിക്കുകയും ജീർണിച്ച് പോവുകയും വരെ ചെയ്തിട്ടുണ്ട്.
ഇത്തരം സാമ്പിളുകളിൽ ഇനി ഒരു പരിശോധനയും പ്രായോഗികമല്ല. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് കഴിഞ്ഞ വർഷം സമർപ്പിച്ച പ്രവൃത്തി പഠന റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. അന്നും കോൾഡ് സ്‌റ്റോറേജിന് അനുമതി നൽകിയില്ല. എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെട്ടാൽ കെമിക്കൽ ലബോറട്ടറികളിലെ പരിശോധനയുടെ ആധികാരികതയെ പ്രതികൂലമായി ബാധിക്കും. ഇക്കാരണങ്ങൾ മുൻനിർത്തിയാണ് സൗകര്യം ഒരുക്കാൻ സർക്കാർ അനുമതി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."