സുനാമി മോക്ഡ്രില്‍ എട്ടിനു ലൈറ്റ് ഹൗസ് കടപ്പുറത്ത്
കാസര്‍കോട്: യുനെസ്‌കോയുടെ അന്തര്‍ദേശീയ സമുദ്ര കാര്യ കമ്മിഷന്‍ 23 രാജ്യങ്ങളെ പങ്കെടുപ്പിച്ചു നടത്തി വരുന്ന സുനാമി തയാറെടുപ്പ് പരിശീലനത്തിന്റെ ഭാഗമായുള്ള മോക് ഡ്രില്‍ ഈ മാസം എട്ടിന് രാവിലെ 11.30 നു കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് നടക്കുമെന്ന് ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ പരിശീലനത്തിനുളള നടപടികള്‍ക്കു രൂപം നല്‍കി.
എട്ടിനു നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായി കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറം തീരത്തു നിന്ന് 100 മീറ്ററിനുളളില്‍ താമസിക്കുന്നവരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കും. ചിട്ടയോടു കൂടി ഇത്തരം ഒഴിപ്പിക്കല്‍ പ്രക്രിയ നടത്താന്‍ ദുരന്ത പ്രതികരണ സമയത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കുകയുമാണു പരിശീലനത്തിന്റെ ലക്ഷ്യമെന്ന് കലക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണ അതോറിറ്റി, തീരദേശ പൊലിസ്, ദേശീയ ദുരന്തപ്രതികരണ സംഘം, ആര്‍മി, അഗ്നിശമന രക്ഷാസേന, ലോക്കല്‍ പൊലിസ്, ആരോഗ്യ വിഭാഗം, റവന്യൂ ഉദ്യോഗസ്ഥര്‍, ഫിഷറിസ് ഉദ്യോഗസ്ഥര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് മോക് ഡ്രില്‍ നടത്തുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മോക്ഡ്രില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം സബ് കലക്ടറുടെ മേല്‍നോട്ടത്തിലും പരിശീലനസ്ഥലത്തുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ യൂനിഫോം ഓഫിസര്‍മാരില്‍ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലും നടത്തും.
സംസ്ഥാന, ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളും വിവിധ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളും എട്ടിനു വ്യാഴാഴ്ച രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കാസര്‍കോടിനു പുറമെ മോക്ക് ഡ്രില്‍ നടത്തുന്നത്. സുരക്ഷിതകേരളത്തിനായുള്ള സുനാമി തയാറെടുപ്പ് പരിശീലനവുമായി പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാഭ്യാസസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സഹകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."