പ്രതിദിനം 200 ടൺ കാർബൺ ഉദ്‌വമനം കുറക്കും; അബൂദബിയിലെ ബസ് സർവിസ് നമ്പർ 65 വ്യത്യസ്തമാകുന്നത് ഇങ്ങനെ
അബൂദബി: ബസ് സർവിസ് നമ്പർ 65 പരിസ്ഥിതി സൗഹൃദ സർവിസാക്കി മാറ്റി അബൂദബി മൊബിലിറ്റി. ഹൈഡ്രജൻ, ഇലക്ട്രിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹരിത ബസുകളാണ് ഇപ്പോൾ ഈ റൂട്ടിൽ സർവിസ് നടത്തുന്നത്. കാർബൺ ഉദ്‌വമനം കുറക്കാനും അബൂദബി മൊബിലിറ്റിയുടെ എൻവയോൺമെന്റ് ഫൂട്ട് പ്രിന്റ്സ് ലഘൂകരിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
2030നകം അബൂദബിയെ പൊതുഗതാഗത ഗ്രീൻ സോണാക്കി മാറ്റുക എന്ന അബൂദബി മൊബിലിറ്റിയുടെ ആശയത്തിന്റ ഭാഗമാണ് ഈ മാറ്റം. 50 ശതമാനം ബസുകളും പരിസ്ഥിതി സൗഹൃദമാക്കി മാറ്റിക്കൊണ്ട് നഗരത്തിലെ പൊതുഗതാഗത ശൃംഖലയെ ഡീകാർബണൈസ് ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. റോഡുകളിൽ നിന്ന് 14,700 കാറുകൾ നീക്കം ചെയ്യുന്നതിന് തുല്യമാണ് ഈ സംരംഭം. ഇതുവഴി പ്രതിദിനം 200 ടൺ കാർബൺ ഉദ്‌വമനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസ്ഥിര പാരിസ്ഥിതിക പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനും എമിറേറ്റിലുടനീളം ഉദ്‌വമനം കുറക്കുന്നതിനുമുള്ള അബൂദബി മൊബിലിറ്റിയുടെ പ്രതിബദ്ധത എടുത്തു കാണിക്കുന്നതാണ് ഈ സംരംഭം
അബൂദബിയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നായ ബസ് സർവിസ് നമ്പർ 65ൽ ഇപ്പോൾ പൂർണ്ണമായും സർവിസ് നടത്തുന്നത് പരിസ്ഥിതി സൗഹൃദ ബസുകളാണ്. മറീന മാളിനെ അൽ റീം ദ്വീപുമായി ബന്ധിപ്പിക്കുന്ന ഈ സർവിസ് പ്രതിദിനം 2,000 കിലോമീറ്ററിലധികം സഞ്ചരിച്ചുകൊണ്ട് ഏകദേശം 6,000 ത്തിലധികം യാത്രക്കാർക്ക് സേവനം നൽകുന്നുണ്ട്.
പാരിസ്ഥിതിക സുസ്ഥിരതയിലേക്കുള്ള അബൂദബിയുടെ യാത്രയിൽ ബസ് സർവീസ് നമ്പർ 65ന്റെ ഹരിത ബസുകളിലേക്കുള്ള മാറ്റം പ്രധാനപ്പെട്ട ഒന്നാണ്. സുസ്ഥിരതാ നയങ്ങളുടെ ഭാഗമായി അബൂദബി മൊബിലിറ്റി ക്യാപിറ്റൽ പാർക്ക് മുതൽ ഖലീഫ സിറ്റി വരെയുള്ള റൂട്ട് 160, അബൂദബി സിറ്റി മുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട് വരെയുള്ള റൂട്ട് എ2 തുടങ്ങിയ അധിക റൂട്ടുകളിലേക്ക് ഗ്രീൻ ബസ് സർവിസ് വ്യാപിപ്പിക്കുകയാണ്. ഹരിത ബസുകളുടെ ഉപയോഗത്തിലൂടെ ഹരിതഗൃഹ വാതക ഉദ്‌വമനവും ഊർജ്ജ ഉപഭോഗവും കുറക്കാൻ സാധിക്കും. കൂടാതെ, പൊതുഗതാഗത മേഖലയിലെ നവീകരണം പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എങ്ങനെ സഹായിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ സംരംഭം.
ഓൺബോർഡ് സർവേകളിലൂടെയും നൂതന നിരീക്ഷണ സംവിധാനങ്ങളിലൂടെയും അബൂദബി മൊബിലിറ്റി സേവന കാര്യക്ഷമത തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഈ ശ്രമങ്ങൾ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപയോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനും ഏറെ സഹായിക്കുന്നു.
Abu Dhabi's bus route 65 has transitioned to electric buses, resulting in a significant reduction of 200 tonnes in daily carbon emissions, marking a major step towards a more sustainable future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."