കുപ്രസിദ്ധ മോഷ്ടാവ് അമ്പലം ഹസന് പിടിയില്‍
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് അമ്പലം ഹസന് എന്നു വിളിക്കുന്ന പനയം ചാവുകാട് പള്ളംകുന്നത്ത് താഴതില്‍ ഹസനെ(77) ഈസ്റ്റ് പൊലിസ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ മുണ്ടയ്ക്കല്‍ തുമ്പറ ക്ഷേത്രത്തിനു സമീപത്തു നിന്നും പിടികൂടി.
കോഴിക്കോട് പുതിയാപ്പ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഓഗസ്റ്റ് 27 നാണ് ഹസന് ശിക്ഷ കഴിഞ്ഞിറങ്ങിയത്. കൊല്ലം ചാമക്കട മുത്തുമാരിയമ്മന്‍ ക്ഷേത്രം, കടപ്പാക്കട ധര്‍മ്മശാസ്താ ക്ഷേത്രം, പാല്‍കുളങ്ങര ക്ഷേത്രം തുടങ്ങിയിടങ്ങളില്‍ മോഷണം നടത്തിയതിന് ഹസന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊല്ലം അസ്സിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ ജോര്‍ജ് കോശിയുടെ നിര്‍ദേശ പ്രകാരം സി.ഐ എസ്. മഞ്ചു ലാല്‍, എസ്.ഐ ജയകൃഷ്ണന്, ആന്റിതെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ ജോസ് പ്രകാശ്, ഹരിലാല്‍, സുനില്‍ എന്നിവരുടെ നേതൃത്യത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
ഓണക്കാലത്തോടനുബന്ധിച്ചു നഗരത്തിലും മറ്റും മോഷണം തടയുന്നതിന് ആന്റിതെഫ്റ്റ് സ്ക്വാഡിന്റേയും ഷാഡോ പൊലിസിന്റേയും ശക്തമായ നിരീക്ഷണമുണ്ടാകുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."